---
title: "'എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ്; യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും'- മല്ലികാർജുൻ ഖർഗെ"
english_title: "LDF is not with the people it is with the BJP  UDF will come to power and implement all guarantees  Mallikarjun Kharge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349708/ldf-is-not-with-the-people-it-is-with-the-bjp-udf-will-come-to-power-and-implement-all-guarantees-mallikarjun-kharge"
published_at: "2026-03-25T19:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3ee8658646_kharge.jpg"
keywords: []
---

# 'എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ്; യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും'- മല്ലികാർജുൻ ഖർഗെ

> **Lead Summary:** **കോഴിക്കോട്: **കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

**കോഴിക്കോട്: **കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും ഖർഗെ വിമർശിച്ചു. മാറ്റം വേണമെങ്കിൽ യു ഡി എഫിന് വോട്ട് ചെയ്യണം. വീണ്ടും ഇടത് പക്ഷം വന്നാൽ കേരളം തകരുമെന്നും കോൺഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 10 വർഷമായി കേരളത്തിൽ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വർദ്ധിപ്പിച്ചതുമാണ് സർക്കാരിന്റെ നേട്ടമെന്നും ഖർഗെ പരിഹസിച്ചു. കേരള മോഡൽ തകർത്ത പിണറായി സർക്കാർ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റിയെന്ന് ഖർഗെ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കേസിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തിയെന്നും ഖർഗെ വിമർശിച്ചു. ആരോഗ്യ മേഖല തകരുകയും യോഗ്യതയില്ലാത്തവരെ പിൻവാതിലിലൂടെ ജോലിയിൽ തിരുകിക്കയറ്റുകയും ചെയ്യുന്നു. ശബരിമല വിഷയത്തിൽ പോലും ഭക്തരെ സർക്കാർ വഞ്ചിച്ചു.

ശബരിമലയിൽ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വർണക്കൊള്ള നടത്തിയ പ്രതികൾക്ക് മുഴുവൻ രക്ഷപെടാൻ സർക്കാർ അവസരം നൽകിയെന്നും ഖർഗെ വിമർശിച്ചു. വിദേശത്തുനിന്ന് മടങ്ങി വരുന്ന പ്രവാസികൾക്കായി ഒരു പദ്ധതിയും സർക്കാരിന്റെ പക്കലില്ല. ലയണൽ മെസ്സി വരുമെന്ന് പറഞ്ഞ് യുവാക്കളെ പറ്റിച്ച സർക്കാർ കായിക പ്രേമികളെ നിരാശപ്പെടുത്തിയെന്നും യു ഡി എഫ് അധികാരത്തിൽ വന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

യു ഡി എഫ് അധികാരത്തിലേറുമെന്നും കോൺഗ്രസ് നൽകുന്ന എല്ലാ ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ഖർഗെ പ്രഖ്യാപിച്ചു. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബി ജെ പിയെയും സി പി എമ്മിനെയും ഒരുപോലെ നേരിടാൻ യു ഡി എഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349708/ldf-is-not-with-the-people-it-is-with-the-bjp-udf-will-come-to-power-and-implement-all-guarantees-mallikarjun-kharge)