---
title: "'ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ്, ആ വാക്കുകൾ ഞെട്ടലും വേദനയുമുണ്ടാക്കി, ഖേദം അംഗീകരിക്കാന്‍ കഴിയില്ല'; വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് യു. പ്രതിഭ"
english_title: " u prathibha against the remark by udf leader against her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349692/u-prathibha-against-the-remark-by-udf-leader-against-her"
published_at: "2026-03-25T17:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3c9aa887cc_u_prathibha_press_meet.jpg"
keywords: []
---

# 'ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ്, ആ വാക്കുകൾ ഞെട്ടലും വേദനയുമുണ്ടാക്കി, ഖേദം അംഗീകരിക്കാന്‍ കഴിയില്ല'; വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് യു. പ്രതിഭ

> **Lead Summary:** കായംകുളം: തനിക്കെതിരായ മുസ്ലിം ലീഗ് നേതാവിന്‍റെ പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയെന്നും ഇപ്പോഴും മനസ്സില്‍ വേദനയുണ്ടെന്നും കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ. കണ്‍വെന്‍ഷനില്‍ ആരും ലീഗ് നേതാവിനെ തിരുത്തി പറഞ്ഞില്ല. വിവാദമായപ്പോള്‍ ആണ് ഖേദം പ്രകടിപ്പിച്ചതെന്നും യു പ്രതിഭ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കരഞ്ഞുകൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും. ഇടതുപക്ഷത്തിനുള്ള പൊതു സ്വീകാര്യത കണ്ടാവാം ഇത്തരത്തില്‍ അശ്ലീലം പറയുന്നത്. സ്ത്രീകളുടെ ധാർമികതയെ ചോദ്യം ചെയ്ത്‌ തകർത്തു കളയാമെന്നാണ് ചിലർ കരുതുന്നത് എന്നും യു പ്രതിഭ പറഞ്ഞു.

## Article Content

കായംകുളം: തനിക്കെതിരായ മുസ്ലിം ലീഗ് നേതാവിന്‍റെ പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയെന്നും ഇപ്പോഴും മനസ്സില്‍ വേദനയുണ്ടെന്നും കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ. കണ്‍വെന്‍ഷനില്‍ ആരും ലീഗ് നേതാവിനെ തിരുത്തി പറഞ്ഞില്ല. വിവാദമായപ്പോള്‍ ആണ് ഖേദം പ്രകടിപ്പിച്ചതെന്നും യു പ്രതിഭ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കരഞ്ഞുകൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും. ഇടതുപക്ഷത്തിനുള്ള പൊതു സ്വീകാര്യത കണ്ടാവാം ഇത്തരത്തില്‍ അശ്ലീലം പറയുന്നത്. സ്ത്രീകളുടെ ധാർമികതയെ ചോദ്യം ചെയ്ത്‌ തകർത്തു കളയാമെന്നാണ് ചിലർ കരുതുന്നത് എന്നും യു പ്രതിഭ പറഞ്ഞു.

'നല്ല സങ്കടമുണ്ട്. ഞാന്‍ ഞെട്ടിപ്പോയി ഇത് കേട്ടപ്പോള്‍. ഇത് കേവലമായൊരു മാപ്പ് പറച്ചിലില്‍ തീരില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയര്‍മാനാണ് പറഞ്ഞിരിക്കുന്നത്. ഈ കറ ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പോകില്ല. ഏത് ജോലി ഒരു സ്ത്രീ ചെയ്താലും അതിന് മഹത്വമുണ്ട്. സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്', യു പ്രതിഭ പറഞ്ഞു.

കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്. 'ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു' എന്നായിരുന്നു എ ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇര്‍ഷാദ് പറഞ്ഞു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം.

'രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവ് കേസില്‍ അവര്‍ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവര്‍. ഒരു എംഎല്‍എയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വര്‍ഷമുളള വിഹിതം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവര്‍ക്ക് ഒരു മണ്ഡലത്തില്‍ വിനിയോഗിക്കാന്‍ പറ്റും.

ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനില്‍പ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐക്കാരന്‍ തച്ചടിയില്‍ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വര്‍ഷക്കാലം സിപിഐഎം എംഎല്‍എമാര്‍ ഇവിടം ഭരിച്ചു. അതില്‍ 15 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്', എന്നാണ് എ ഇര്‍ഷാദ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349692/u-prathibha-against-the-remark-by-udf-leader-against-her)