---
title: "ഡിജിറ്റൽ ഇടങ്ങളിൽ കണ്ണ്; വ്യാജവാർത്താ പ്രചാരണത്തിനെതിരെ കേരള പോലീസ് കർശന നടപടിയിൽ"
english_title: "Kerala Police takes strict action against social media accounts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349687/kerala-police-takes-strict-action-against-social-media-accounts"
published_at: "2026-03-25T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3c38135b9e_22.jpg"
keywords: []
---

# ഡിജിറ്റൽ ഇടങ്ങളിൽ കണ്ണ്; വ്യാജവാർത്താ പ്രചാരണത്തിനെതിരെ കേരള പോലീസ് കർശന നടപടിയിൽ

> **Lead Summary:** **തിരുവനന്തപുരം: [ **നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജവാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പോലീസ് നടപടികൾ കടുപ്പിക്കുന്നു.

## Article Content

**തിരുവനന്തപുരം: [ **നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജവാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പോലീസ് നടപടികൾ കടുപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന നിരവധി അക്കൗണ്ടുകളും യുആർഎല്ലുകളും ഇതിനകം തന്നെ സൈബർ ഓപ്പറേഷൻസ് വിഭാഗം നീക്കം ചെയ്തിട്ടുണ്ട്.

പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ച് ഇത്തരം അക്കൗണ്ടുകൾ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തത വരുത്തിയ വിഷയങ്ങളിൽ പോലും തെറ്റായ വിവരങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

ബോധപൂർവ്വം വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കും അവ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഫോർവേഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ വിഭാഗം നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ പോലീസിന്റെയോ ഔദ്യോഗിക പേജുകളെ മാത്രം ആശ്രയിക്കേണ്ടതാണ്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ ഇടങ്ങളിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349687/kerala-police-takes-strict-action-against-social-media-accounts)