---
title: "അക്ബർ റോഡ് ആസ്ഥാനം ഒഴിയണം; കോൺഗ്രസിന് കേന്ദ്ര സർക്കാർ നോട്ടീസെന്ന് റിപ്പോർട്ട്"
english_title: "Report: Central government issues notice to Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349676/report-central-government-issues-notice-to-congress"
published_at: "2026-03-25T16:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b9909abb4_Central_government_issues_notice_to_Congress.jpg"
keywords: []
---

# അക്ബർ റോഡ് ആസ്ഥാനം ഒഴിയണം; കോൺഗ്രസിന് കേന്ദ്ര സർക്കാർ നോട്ടീസെന്ന് റിപ്പോർട്ട്

> **Lead Summary:** ദില്ലി: കഴിഞ്ഞ 48 വർഷമായി കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹി അക്ബർ റോഡിലെ 24-ാം നമ്പർ ബംഗ്ലാവ് ഒഴിഞ്ഞുനൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അക്ബർ റോഡ് ഓഫീസിന് പുറമെ റെയ്‌സിന റോഡിലെ 5-ാം നമ്പർ ബംഗ്ലാവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാൻ നിർദ്ദേശമുണ്ട്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

## Article Content

ദില്ലി: കഴിഞ്ഞ 48 വർഷമായി കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹി അക്ബർ റോഡിലെ 24-ാം നമ്പർ ബംഗ്ലാവ് ഒഴിഞ്ഞുനൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അക്ബർ റോഡ് ഓഫീസിന് പുറമെ റെയ്‌സിന റോഡിലെ 5-ാം നമ്പർ ബംഗ്ലാവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാൻ നിർദ്ദേശമുണ്ട്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം സോണിയ ഗാന്ധി പുതിയ കോൺഗ്രസ് ആസ്ഥാനം ഉദ്ഘാടനം ചെയ്ത വേളയിൽ അക്ബർ റോഡ് ഓഫീസുമായുള്ള വൈകാരിക ബന്ധം ശക്തമായി തുടരുമെന്ന് നിരവധി പാർട്ടി മുതിർന്ന നേതാക്കൾ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരിക്കൽ വൈസ്രോയി ലോർഡ് ലിൻലിത്ഗോയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ റെജിനാൾഡ് മാക്സ്വെല്ലിനെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. 1960 കളുടെ തുടക്കത്തിൽ, ഇന്ത്യയിലെ മ്യാൻമർ അംബാസഡർ ഡോ ഖിൻ കിയുടെ വസതിയായിരുന്നു ബംഗ്ലാവ്. ഡോ ഖിൻ കിയുടെ മകളും പിന്നീട് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതുമായ ഓങ് സാൻ സൂ കി വർഷങ്ങളോളം ആ വീട്ടിൽ ചെലവഴിച്ചു.

1977 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തെത്തുടർന്ന് പാർട്ടി പിളർന്നു. അന്ന് ഇന്ദിരാ കോൺ​ഗ്രസിന് രാജ്യസഭാ എംപി ജി വെങ്കടസ്വാമി തന്റെ അക്ബർ റോഡ് ബംഗ്ലാവ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ഈ ബംഗ്ലാവ് സാക്ഷ്യം വഹിച്ചു. രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ പ്രധാനമന്ത്രി പദത്തിലൂടെ ബം​ഗ്ലാവ് കോൺഗ്രസിന്റെ ആസ്ഥാനമായി തുടർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349676/report-central-government-issues-notice-to-congress)