---
title: "ചർച്ചകൾ വെറും കണ്ണിൽപൊടി? പശ്ചിമേഷ്യയിൽ 'എപിക് ഫ്യൂറി'യുമായി അമേരിക്ക; 50,000 സൈനികർ അതിർത്തിയിൽ"
english_title: "Is there an attempt at a land war under the guise of Iran talks?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349665/is-there-an-attempt-at-a-land-war-under-the-guise-of-iran-talks"
published_at: "2026-03-25T15:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b2d291a44_19.jpg"
keywords: []
---

# ചർച്ചകൾ വെറും കണ്ണിൽപൊടി? പശ്ചിമേഷ്യയിൽ 'എപിക് ഫ്യൂറി'യുമായി അമേരിക്ക; 50,000 സൈനികർ അതിർത്തിയിൽ

> **Lead Summary:** **വാഷിംഗ്ടണ്‍: [ **പശ്ചിമേഷ്യയില്‍ സമാധാനത്തിനായുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നതിനിടെ, മേഖലയിലേക്ക് രണ്ടായിരം കരസൈനികരെ കൂടി വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം ആഗോളതലത്തില്‍ വലിയ ആശങ്കയുയര്‍ത്തുന്നു.

## Article Content

**വാഷിംഗ്ടണ്‍: [ **പശ്ചിമേഷ്യയില്‍ സമാധാനത്തിനായുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നതിനിടെ, മേഖലയിലേക്ക് രണ്ടായിരം കരസൈനികരെ കൂടി വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം ആഗോളതലത്തില്‍ വലിയ ആശങ്കയുയര്‍ത്തുന്നു.

പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, ലോകത്തെവിടെയും അതിവേഗം വിന്യസിക്കാന്‍ ശേഷിയുള്ള പെന്റഗണിന്റെ 82-ാം എയര്‍ബോണ്‍ ഡിവിഷന്‍ പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടത്.

ഇതോടെ മേഖലയില്‍ പുതുതായി എത്തിയ അമേരിക്കന്‍ സൈനികരുടെ എണ്ണം ഏഴായിരമായി ഉയര്‍ന്നു. നിലവില്‍ വിവിധ താവളങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്ന അമ്പതിനായിരത്തോളം സൈനികര്‍ക്ക് പുറമെയാണിത്.

സമാധാന ശ്രമങ്ങളുടെ ഭാഗമായി അമേരിക്ക തയാറാക്കിയ 15 ഇന പദ്ധതി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വഴി ഇറാന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ നീക്കത്തെ ട്രംപ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇറാനോ ഇസ്രായേലോ ഇതിനോട് അനുകൂലമായി പ്രതികരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

പ്രത്യേകിച്ചും, ചര്‍ച്ചകളെക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദങ്ങള്‍ ഇറാന്‍ നേരത്തെ തള്ളിയതും, ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേല്‍ ടെഹ്‌റാനിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നീങ്ങുന്നതും സാഹചര്യം സങ്കീര്‍ണമാക്കുന്നു.

ഈ ഘട്ടത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാനുമായി സംസാരിക്കുകയും സമാധാനത്തിനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നയതന്ത്ര ചര്‍ച്ചകളുടെ മറവില്‍ അമേരിക്ക ഒരു വലിയ കരയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്ന വിമര്‍ശനം ശക്തമാണ്.

'എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതല്‍ സൈനികര്‍ പശ്ചിമേഷ്യയിലേക്ക് എത്തുമെന്നാണ് സൂചന. മേജര്‍ ജനറല്‍ ബ്രാന്‍ഡന്‍ ആര്‍. ടെഗ്റ്റ്മെയറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസത്തിനകം മേഖലയിലെത്തും.

ചര്‍ച്ചകളും സൈനിക വിന്യാസവും ഒരേസമയം നടക്കുന്നത് പശ്ചിമേഷ്യയെ ഒരു സ്ഫോടനാത്മകമായ അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349665/is-there-an-attempt-at-a-land-war-under-the-guise-of-iran-talks)