---
title: "'അത് സംഭവിക്കണമെങ്കിൽ ‘കാക്ക മലർന്ന് പറക്കണം; സതീശൻ വനവാസത്തിന് തയ്യാറെടുക്കട്ടെ', കൂടും കുടുക്കയും റെഡിയാക്കി വെക്കാൻ ബിനോയ് വിശ്വം"
english_title: " binoy viswam slams vd satheesan vanavasam remark ldf third term "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349646/binoy-viswam-slams-vd-satheesan-vanavasam-remark-ldf-third-term"
published_at: "2026-03-25T14:49:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a8bdaf362_binoy_vishwam.jpg"
keywords: []
---

# 'അത് സംഭവിക്കണമെങ്കിൽ ‘കാക്ക മലർന്ന് പറക്കണം; സതീശൻ വനവാസത്തിന് തയ്യാറെടുക്കട്ടെ', കൂടും കുടുക്കയും റെഡിയാക്കി വെക്കാൻ ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം : **വി.ഡി. സതീശന്റെ വനവാസ പരാമർശത്തെ പരിഹസിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു നൽകിയ തെറ്റായ ഉപദേശങ്ങളും കണക്കുകളും വിശ്വസിച്ച് സതീശൻ അബദ്ധത്തിൽ പറഞ്ഞതാവാം ഈ പ്രസ്താവന എന്ന് ബിനോയ് വിശ്വം പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സതീശൻ പറഞ്ഞ സീറ്റുകളുടെ അടുത്ത് പോലും എത്താൻ കോൺഗ്രസിന് കഴിയില്ലെന്നും, അന്ന് വനവാസത്തിന് പോകേണ്ടി വരുന്നത് സതീശനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനായി സതീശൻ കൂടും കുടുക്കയും ഇപ്പോൾ തന്നെ തയ്യാറാക്കി വെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം : **വി.ഡി. സതീശന്റെ വനവാസ പരാമർശത്തെ പരിഹസിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു നൽകിയ തെറ്റായ ഉപദേശങ്ങളും കണക്കുകളും വിശ്വസിച്ച് സതീശൻ അബദ്ധത്തിൽ പറഞ്ഞതാവാം ഈ പ്രസ്താവന എന്ന് ബിനോയ് വിശ്വം പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സതീശൻ പറഞ്ഞ സീറ്റുകളുടെ അടുത്ത് പോലും എത്താൻ കോൺഗ്രസിന് കഴിയില്ലെന്നും, അന്ന് വനവാസത്തിന് പോകേണ്ടി വരുന്നത് സതീശനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനായി സതീശൻ കൂടും കുടുക്കയും ഇപ്പോൾ തന്നെ തയ്യാറാക്കി വെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നുവെന്ന ആരോപണം കെട്ടുകഥയാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. അത് സംഭവിക്കണമെങ്കിൽ ‘കാക്ക മലർന്ന് പറക്കണം’ അല്ലെങ്കിൽ ‘സൂര്യൻ പടിഞ്ഞാറ് ഉദിക്കണം’. യഥാർത്ഥത്തിൽ ഡീൽ ഉണ്ടാക്കുന്നത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്. ഉത്സവപ്പറമ്പിലെ കള്ളൻ ‘കള്ളൻ കള്ളൻ’ എന്ന് വിളിച്ചുപറയുന്നത് പോലെയാണ് കോൺഗ്രസിന്റെ ആരോപണങ്ങൾ. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയെക്കുറിച്ച് കെ.ജി. മാരാർ തന്റെ ആത്മകഥയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിൽ നിലവിൽ വീശുന്നത് എൽ.ഡി.എഫിന് അനുകൂലമായ കാറ്റാണെന്നും ഈ ജനവിധി ഇടതുപക്ഷത്തിന്റെ മൂന്നാം ഊഴം ഉറപ്പാക്കുമെന്നും ബിനോയ് വിശ്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ അവകാശവാദങ്ങൾ വെറും താല്ക്കാലികം മാത്രമാണെന്നും ജനപിന്തുണ എൽ.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥരായ ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ പാവകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവം തമാശയായി കാണാനാവില്ലെന്നും ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഗുരുതരമായ വീഴ്ചകൾക്ക് ശേഷം ‘കൈപ്പിഴ’ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരം കൃത്യമായി അറിയുക എന്നത് വോട്ടർമാരുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ ബിനോയ് വിശ്വം, എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്റെ സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായും കുറ്റപ്പെടുത്തി. വി.ഡി. സതീശൻ തന്റെയും ഭാര്യയുടെയും സ്വർണ്ണത്തിന്റെ കണക്കുകളിൽ കൃത്രിമം കാട്ടിയിരിക്കുകയാണ്. വരണാധികാരി ഈ പത്രികകൾ സ്വീകരിച്ചിട്ടുണ്ടാകാം, എന്നാൽ ഈ അധ്യായം ഇവിടെ അവസാനിക്കുന്നില്ലെന്നും വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കിപത്രങ്ങൾ കാണാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349646/binoy-viswam-slams-vd-satheesan-vanavasam-remark-ldf-third-term)