---
title: "ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഗാസിയബാദിൽ; അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും"
english_title: "Harish Rana's funeral to be held in Ghaziabad today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349536/harish-ranas-funeral-to-be-held-in-ghaziabad-today"
published_at: "2026-03-25T07:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c342dce7d9b_hari.jpg"
keywords: []
---

# ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഗാസിയബാദിൽ; അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും

> **Lead Summary:** **ദില്ലി: ** ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഗാസിയബാദിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും വേദനകൾക്കുമാണ് വിരാമമിട്ട് വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ യാത്രയായി.

## Article Content

**ദില്ലി: ** ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഗാസിയബാദിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും വേദനകൾക്കുമാണ് വിരാമമിട്ട് വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ യാത്രയായി.

ഇന്നലെയാണ് ഹരീഷ് റാണ അന്തരിച്ചതായി സ്ഥിരീകരിച്ചത്. ദയാമരണം നിയമവിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയ വ്യക്തിയാണ് ഹരീഷ് റാണ. ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന 32 വയസുകാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമായിരുന്നു സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്.

അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ച് 11ന് കോടതിയുടെ ചരിത്രപരമായ ഉത്തരവ്. 2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയായിരുന്നിത് എന്നതും ശ്രദ്ധേയം.

ഛണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായിരുന്ന ഹരീഷ് റാണയ്ക്ക് 2013 ഓഗസ്റ്റ് 20ന് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരതരമായി പരിക്കേറ്റത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതായി ഒപ്പം ശരീരത്തിന് 100 ശതമാനം വൈകല്യവും സംഭവിച്ചു. പിന്നീട് കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുകയായിരുന്ന ഹരീഷിന് ദയവധം നൽകണമെന്ന് അപേക്ഷിച്ചാണ് വൃദ്ധമാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.

മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെബി പർദ്ദിവാല, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.

പിന്നാലെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരീഷിനെ അവിടെനിന്ന് എയിംസിന്റെ പാലിയേറ്റീവ് കെയർ വകുപ്പിലേക്ക് മാറ്റിയ ശേഷം നൽകി വന്നിരുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349536/harish-ranas-funeral-to-be-held-in-ghaziabad-today)