---
title: "വോട്ടറിവ് വളർത്താൻ 'സ്വീപ്'; വിദ്യാര്‍ഥികള്‍ക്ക് മോക് ഇലക്ഷന്‍ സംഘടിപ്പിച്ചു"
english_title: "Mock elections were organized for students."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349514/mock-elections-were-organized-for-students-new"
published_at: "2026-03-24T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2afea281aa_moc.jpg"
keywords: []
---

# വോട്ടറിവ് വളർത്താൻ 'സ്വീപ്'; വിദ്യാര്‍ഥികള്‍ക്ക് മോക് ഇലക്ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : **നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മോക് ഇലക്ഷന്‍ സംഘടിപ്പിച്ചു. 'സ്വീപ്' പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജില്ലയിലെ ട്രൈബല്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളിലും ഭിന്നശേഷി വിദ്യാര്‍ഥികളുടെ പരിശീലന കേന്ദ്രങ്ങളിലും മോക് ഇലക്ഷന്‍ സംഘടിപ്പിച്ചത്.

## Article Content

**കോഴിക്കോട് : **നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മോക് ഇലക്ഷന്‍ സംഘടിപ്പിച്ചു. 'സ്വീപ്' പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജില്ലയിലെ ട്രൈബല്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളിലും ഭിന്നശേഷി വിദ്യാര്‍ഥികളുടെ പരിശീലന കേന്ദ്രങ്ങളിലും മോക് ഇലക്ഷന്‍ സംഘടിപ്പിച്ചത്.

ഈസ്റ്റ് ഹില്‍, വടകര, കുന്ദമംഗലം, പുതുപ്പാടി എന്നിവിടങ്ങളിലെ പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റലുകള്‍, എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനം, മായനാട് വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നടന്ന മോക് ഇലക്ഷന്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു.

സമ്മതിദായക അവകാശ വിനിയോഗത്തിന്റെയും വോട്ടിങ്ങിലെ പങ്കാളിത്തത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയുമാണ് മോക് ഇലക്ഷന്റെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി പട്ടിക വര്‍ഗ പ്രീ-മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ക്ക് കത്തുകളെഴുതി. ഇതോടനുബന്ധിച്ച് മാജിക് ഷോയും കലാപരിപാടികളും അരങ്ങേറി. ഹോസ്റ്റല്‍ അധ്യാപകര്‍, കെയര്‍ ടേക്കര്‍മാര്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349514/mock-elections-were-organized-for-students-new)