---
title: "ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന് യുഡിഎഫിൻ്റെ പരാതി; രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു"
english_title: "UDF complains about concealing assets; Rajeev Chandrasekhar's nomination postponed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349424/udf-complains-about-concealing-assets-rajeev-chandrasekhars-nomination-postponed"
published_at: "2026-03-24T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c23c5d90f12_rajeev.jpg"
keywords: []
---

# ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന് യുഡിഎഫിൻ്റെ പരാതി; രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

> **Lead Summary:** **തിരുവനന്തപുരം: ** തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതിയെത്തുടർന്ന്, നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക പരിഗണിക്കുന്നത് വരണാധികാരി മാറ്റിവെച്ചു. ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ പത്രിക ഏറ്റവും ഒടുവിൽ പരിഗണിക്കാമെന്നുമാണ് റിട്ടേണിങ് ഓഫീസർ അറിയിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതിയെത്തുടർന്ന്, നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക പരിഗണിക്കുന്നത് വരണാധികാരി മാറ്റിവെച്ചു. ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ പത്രിക ഏറ്റവും ഒടുവിൽ പരിഗണിക്കാമെന്നുമാണ് റിട്ടേണിങ് ഓഫീസർ അറിയിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇന്ന് പത്രികകളുടെ സൂക്ഷ്മപരിശോധനക്കിടെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പത്രിക പരിഗണിക്കുന്നത് അവസാനത്തേക്ക് മാറ്റിവെക്കുന്നുവെന്ന് റിട്ടേണിങ് ഓഫിസര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

ബെംഗളൂരുവിലെ കോറമംഗലയില്‍ 49,000 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വിവരങ്ങള്‍ പത്രികയില്‍ മറച്ചുവച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നു.

2024ലെ സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ കമ്മീഷന്‍ ഇടപെടണമെന്നും നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രചാരണം തുടങ്ങിയിരുന്നു. 2016ല്‍ വിജയിച്ച മണ്ഡലം 2021ല്‍ ബിജെപിക്ക് നഷ്ടമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349424/udf-complains-about-concealing-assets-rajeev-chandrasekhars-nomination-postponed)