---
title: "ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു; മകളും ഭാര്യയും വിവരമറിഞ്ഞത് പിറ്റേദിവസം"
english_title: "Husband collapses and dies after coming to stay with his wife in hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349416/husband-collapses-and-dies-after-coming-to-stay-with-his-wife-in-hospital"
published_at: "2026-03-24T12:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c234b2a5787_death_.jpg"
keywords: []
---

# ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു; മകളും ഭാര്യയും വിവരമറിഞ്ഞത് പിറ്റേദിവസം

> **Lead Summary:** **കോയമ്പത്തൂർ : **ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. മരണവിവരമറിയാതെ തൊട്ടടുത്ത വാർഡിൽ അച്ഛനായി കാത്തിരുന്ന മകളും ചികിത്സയിലായിരുന്ന ഭാര്യയും ഒടുവിൽ സത്യമറിഞ്ഞത് പോലീസ് എത്തിയപ്പോൾ മാത്രം. കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കണ്ടുനിന്നവരെയെല്ലാം വിങ്ങലാക്കിയ ഈ ദാരുണ സംഭവം നടന്നത്.

## Article Content

**കോയമ്പത്തൂർ : **ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. മരണവിവരമറിയാതെ തൊട്ടടുത്ത വാർഡിൽ അച്ഛനായി കാത്തിരുന്ന മകളും ചികിത്സയിലായിരുന്ന ഭാര്യയും ഒടുവിൽ സത്യമറിഞ്ഞത് പോലീസ് എത്തിയപ്പോൾ മാത്രം. കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കണ്ടുനിന്നവരെയെല്ലാം വിങ്ങലാക്കിയ ഈ ദാരുണ സംഭവം നടന്നത്.

മധുക്കര അർജുൻ കോളനിയിലെ കാളിമുത്തുകുട്ടി (53) ആണ് ഭാര്യയും മകളും അടുത്തുണ്ടായിട്ടും അജ്ഞാത മൃതദേഹമായി ഒരുദിവസം മോർച്ചറിയിൽ കിടന്നത്. മാർച്ച്‌ 13നാണ് കാളിമുത്തുവിന്റെ ഭാര്യയെ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൂട്ടിനു കാളിമുത്തുവും മകൾ സംഗീതയുമുണ്ടായിരുന്നു. കാളിമുത്തുവും അസുഖബാധിതനായിരുന്നു. ഇതിനിടെ മാർച്ച്‌ 18ന് ആശുപത്രി വളപ്പിൽ നടക്കുന്നതിനിടെ കുഴഞ്ഞുവീണതിനിടെ തുടർന്ന് പരിസരത്തുള്ളവർ എമർജൻസി വാർഡിലേക്ക് എത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു.

റേസ്കോഴ്സ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും മരിച്ച ആളെക്കുറിച്ചുള്ള വിവരം ലഭിച്ചില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു. ഇതിനിടെ വാർഡിൽ നിന്നു പുറത്തേക്കുപോയ അച്ഛനെ കാണാതെ സംഗീത ആശുപത്രിയിലും നാട്ടിലും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. പൊലീസ് വാർഡുകളിലെത്തി കാണാതായവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പിതാവിന്റെ വിവരം സംഗീത പറഞ്ഞത്.

മോർച്ചറിയിലെത്തി കാളിമുത്തുവിനെ തിരിച്ചറിഞ്ഞതോടെ സംഗീത കുഴഞ്ഞുവീണു. അമ്മയ്ക്കു കൂട്ടിരിക്കാനായി എത്തിയ അച്ഛന്റെ വേർപാട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. കാളിമുത്തുവിന്റെ ഭാര്യ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349416/husband-collapses-and-dies-after-coming-to-stay-with-his-wife-in-hospital)