---
title: "പി.എസ്.എല്ലിന് താലിബാൻ ഭീഷണി; ഇന്ധനക്ഷാമം മൂലം കാണികൾക്ക് പ്രവേശനമില്ല, ഉദ്ഘാടന ചടങ്ങ് റദ്ദാക്കി"
english_title: "Taliban threatens PSL"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349366/taliban-threatens-psl"
published_at: "2026-03-24T09:33:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c20d51f255d_2.jpg"
keywords: []
---

# പി.എസ്.എല്ലിന് താലിബാൻ ഭീഷണി; ഇന്ധനക്ഷാമം മൂലം കാണികൾക്ക് പ്രവേശനമില്ല, ഉദ്ഘാടന ചടങ്ങ് റദ്ദാക്കി

> **Lead Summary:** **ഇസ്ലാമാബാദ്:[ **മാര്‍ച്ച് 26-ന് ആരംഭിക്കാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം പതിപ്പ് കടുത്ത സുരക്ഷാ ഭീഷണിയെയും പ്രതിസന്ധികളെയും നേരിടുന്നു. വിദേശ താരങ്ങൾക്ക് നേരെ സായുധ സംഘടനയായ തെഹ്രീകെ താലിബാൻ നേരിട്ട് മുന്നറിയിപ്പ് നൽകിയതോടെ ടൂർണമെന്റിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർന്നിരിക്കുന്നത്.

## Article Content

**ഇസ്ലാമാബാദ്:[ **മാര്‍ച്ച് 26-ന് ആരംഭിക്കാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം പതിപ്പ് കടുത്ത സുരക്ഷാ ഭീഷണിയെയും പ്രതിസന്ധികളെയും നേരിടുന്നു. വിദേശ താരങ്ങൾക്ക് നേരെ സായുധ സംഘടനയായ തെഹ്രീകെ താലിബാൻ നേരിട്ട് മുന്നറിയിപ്പ് നൽകിയതോടെ ടൂർണമെന്റിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർന്നിരിക്കുന്നത്.

രാജ്യത്തെ ആഭ്യന്തര സാഹചര്യം മോശമാണെന്നും വിദേശ താരങ്ങൾ ഉടനടി പിന്മാറണമെന്നും താലിബാൻ വക്താവ് ആസാദ് മൻസൂർ പ്രസ്താവനയിലൂടെ അറിയിച്ചു. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ തുടങ്ങിയ മേഖലകളിലെ ജനങ്ങളുടെ ദുരിതത്തെ പരിഹസിക്കുന്നതാണ് ഈ ലീഗെന്നും സംഘടന ആരോപിക്കുന്നു.

ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ ടീമിനൊപ്പം ചേരാൻ പാകിസ്ഥാനിലെത്തിയ സാഹചര്യത്തിലാണ് താരങ്ങളുടെ സുരക്ഷയ്ക്ക് ഗ്യാരണ്ടി നൽകാനാവില്ലെന്ന ഈ ഭീഷണി പുറത്തുവരുന്നത്.

പ്രസിഡൻഷ്യൽ തലത്തിലുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവകാശപ്പെടുന്നുണ്ടെങ്കിലും താരങ്ങൾക്കിടയിൽ ഇത് മാനസികമായ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾക്ക് പുറമെ രാജ്യം നേരിടുന്ന കടുത്ത ഇന്ധനക്ഷാമവും ടൂർണമെന്റിനെ പ്രതികൂലമായി ബാധിച്ചു.

ഇന്ധന ലാഭത്തിന്റെ ഭാഗമായി ഇത്തവണ മത്സരങ്ങൾ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടത്തുകയെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഉണ്ടായ എണ്ണ വിതരണ തടസ്സമാണ് പാകിസ്ഥാനെ ഇത്തരമൊരു പ്രതിസന്ധിയിലാക്കിയത്.

ആറ് നഗരങ്ങളിലായി നടത്താനിരുന്ന മത്സരങ്ങൾ ഇപ്പോൾ കറാച്ചി, ലാഹോർ എന്നീ രണ്ട് നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ലാഹോറിൽ നിശ്ചയിച്ചിരുന്ന ആഡംബരപൂർണ്ണമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി.

കാണികളെ പ്രവേശിപ്പിക്കാത്തത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം എട്ട് ഫ്രാഞ്ചൈസികൾക്കും പിസിബി നൽകുമെന്നും, ടിക്കറ്റ് എടുത്തവർക്ക് 72 മണിക്കൂറിനുള്ളിൽ പണം തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349366/taliban-threatens-psl)