---
title: "മാമനെതിരെ മരുമകൾ; തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെതിരെ സുലേഖയെ 'ഡമ്മി'യാക്കി സിപിഐഎം, പത്രിക നൽകി"
english_title: "CPI(M) fields dummy candidate against TK Govindan, files nomination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349357/cpim-fields-dummy-candidate-against-tk-govindan-files-nomination"
published_at: "2026-03-24T08:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1f92086592_cn.jpg"
keywords: []
---

# മാമനെതിരെ മരുമകൾ; തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെതിരെ സുലേഖയെ 'ഡമ്മി'യാക്കി സിപിഐഎം, പത്രിക നൽകി

> **Lead Summary:** **കണ്ണൂർ: ** തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെതിരെ സഹോദരിയുടെ മകളെ ഇറക്കി സിപിഐഎം. പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥിയായി ഗോവിന്ദന്റെ സഹോദരിയുടെ മകൾ ടി കെ സുലേഖ നാമനിദ്ദേശ പത്രിക സമർപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് നിലവിൽ സുലേഖ.

## Article Content

**കണ്ണൂർ: ** തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെതിരെ സഹോദരിയുടെ മകളെ ഇറക്കി സിപിഐഎം. പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥിയായി ഗോവിന്ദന്റെ സഹോദരിയുടെ മകൾ ടി കെ സുലേഖ നാമനിദ്ദേശ പത്രിക സമർപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് നിലവിൽ സുലേഖ.

സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് സുലേഖ. 2000 മുതൽ 2010 വരെ ഭർത്താവ് കെ സി അനിൽകുമാർ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാർച്ച് 21നാണ് സുലേഖ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്ന് സൂക്ഷ്മപരിശോധന ദിനമാണ്. അത് കഴിഞ്ഞാൽ പത്രിക പിൻവലിക്കും.

അതേസമയം, കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയും എത്തിയിരുന്നു. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ ടി കെ ഗോവിന്ദനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മുന്‍ മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ് കെ പി രമണി.

കെ പി രമണിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. നടപടി ചർച്ച ചെയ്യാൻ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി യോഗം വിളിച്ചുചേർത്തു. രമണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349357/cpim-fields-dummy-candidate-against-tk-govindan-files-nomination)