---
title: "'ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ,  പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല' -  ജി സുധാകരന്‍"
english_title: "GSudhakaran against Chief Minister Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349334/gsudhakaran-against-chief-minister-pinarayi-vijayan"
published_at: "2026-03-23T21:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c15e8983c10_cm.jpg"
keywords: []
---

# 'ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ,  പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല' -  ജി സുധാകരന്‍

> **Lead Summary:** **ആലപ്പുഴ: **മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍. തന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍ എന്നും അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചുവെന്ന് സുധാകരന്‍ പറഞ്ഞു.

## Article Content

**ആലപ്പുഴ: **മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍. തന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍ എന്നും അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചുവെന്ന് സുധാകരന്‍ പറഞ്ഞു.

ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് മുഖ്യമന്ത്രി അപമാനിച്ചത്. പേടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ത്ഥങ്ങള്‍ ഉള്ള ഭാഷയാണതെന്നും സുധാകരന്‍ പറഞ്ഞു.

ഭാഷയുടെ അര്‍ത്ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. ഭരണഘടനാ വിരുദ്ധമാണ്. കേസിന് പോയാല്‍ പ്രശ്‌നമാണെന്നും സുധാകരന്‍ വ്യക്തമാക്കി.

ബിഷപ്പിനെ മുഖ്യമന്ത്രി നികൃഷ്ട ജീവി എന്ന് വിളിക്കുന്നത് കേട്ടു. വെളുത്ത് സുമുഖനും നല്ല പാര്‍ലമെന്റേറിയനുമായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ?. മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗല്‍ഭനാണ്. തങ്ങള്‍ ഒന്നിച്ച് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതാണ്.

പ്രഗല്‍ഭനായ മന്ത്രിയാണ്. മുഖ്യമന്ത്രിക്ക് ഇങ്ങനെയാക്കെ സംസാരിക്കാന്‍ ആരാണ് അധികാരം നല്‍കിയത്?. ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ ഇരുന്നാല്‍ നമ്മുടെ സ്ഥിതിയെന്താണെന്നും സുധാകരന്‍ ചോദിച്ചു. ഇത്തരത്തിലുള്ള പ്രതികരണങ്ങളിലൂടെ പിണറായി വിജയന്‍ എത്ര പേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുത്?. നിങ്ങള്‍ക്ക് ആളെക്കൂട്ടി തരുന്നതിന് കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷിക്കാം. അദ്ദേഹം നിങ്ങള്‍ക്കു വേണ്ടിവോട്ട് പിടിച്ചു തരുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കുമെതിരെയും സുധാകരന്‍ രംഗത്തെത്തി. കേരളമാകെ അറിയുന്ന, ബഹുമാനിക്കുന്ന യുവ നേതാവ് ഡിവൈഎഫ്‌ഐയിലോ എസ്എഫ്‌ഐയിലോ ഉണ്ടോ എന്ന് സുധാകരന്‍ ചോദിച്ചു. ഒരു കാലത്ത് കെഎസ്‌യുക്കാര്‍ക്ക് പോലും അസൂയ ആയിരുന്നു. വൈകുന്നേരം കള്ളുഷാപ്പില്‍ പോയി ജി സുധാകരന്‍ തന്തയ്ക്ക് പിറന്നവനല്ലെന്ന് ഫേസ്ബുക്കില്‍ ഇടുകയാണ്. കൂടെ ഏരിയ സെക്രട്ടറിയും വെള്ളമടിച്ച് അവിടെയിരിക്കുകയാണ്, പേര് പറയില്ല. ഏരിയ സെക്രട്ടറിക്ക് മദ്യമില്ലാതെ ജീവിക്കാനേ വയ്യെന്നും സുധാകരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349334/gsudhakaran-against-chief-minister-pinarayi-vijayan)