---
title: "'മതകാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കാൻ ശബരിമലയ്ക്ക് അവകാശമുണ്ട്'; യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ്"
english_title: "travancore devaswom board submits affidavit in sc over sabarimala women entry issue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349315/travancore-devaswom-board-submits-affidavit-in-sc-over-sabarimala-women-entry-issue"
published_at: "2026-03-23T18:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c13c962413b_sabarimala.jpg"
keywords: []
---

# 'മതകാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കാൻ ശബരിമലയ്ക്ക് അവകാശമുണ്ട്'; യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ്

> **Lead Summary:** **കൊച്ചി: ** ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ലിംഗ വിവേചനമില്ല. യുവതി പ്രവേശനത്തിൽ പ്രായ പരിധിയിലുള്ള വിലക്ക് മാത്രമാണ് ഉള്ളതെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

## Article Content

**കൊച്ചി: ** ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ലിംഗ വിവേചനമില്ല. യുവതി പ്രവേശനത്തിൽ പ്രായ പരിധിയിലുള്ള വിലക്ക് മാത്രമാണ് ഉള്ളതെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാന്‍ ബോർഡിന് അധികാരമുണ്ട്. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ട്. കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിധി പറയരുത് എന്നും ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ശബരിമല യുവതി പ്രവേശനത്തിൽ ഈ മാസം 14ന് സർക്കാരും സുപ്രീം കോടതിയിൽ സത്യാവാങ്മൂലം നൽകിയിരുന്നു. ഹിന്ദുമത പണ്ഡിതരും സാമൂഹിക പരിഷ്‌കർത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് അഭിപ്രായം കേട്ട ശേഷം നിലപാടെടുക്കണം എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം അല്ലെന്നാണ് സര്‍ക്കാരിൻ്റെ വാദം. ബന്ധപ്പെട്ട മതപണ്ഡിതരുടെയും അഭിപ്രായം കോടതി സ്വീകരിക്കണമെന്നും തുടര്‍ന്ന് കോടതി സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

അതേസമയം, ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്നത്തിൽ വ്യക്തമായതെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയെ അറിയിച്ചു. ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും തന്ത്രി കോടതിയിൽ നിലപാടറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349315/travancore-devaswom-board-submits-affidavit-in-sc-over-sabarimala-women-entry-issue)