---
title: "പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളി, സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി"
english_title: "West Asian conflict India faced an unexpected challenge PM calls for an end to the conflict as soon as possible"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349283/west-asian-conflict-india-faced-an-unexpected-challenge-pm-calls-for-an-end-to-the-conflict-as-soon-as-possible"
published_at: "2026-03-23T15:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1124e27d4c_modi.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളി, സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡൽഹി: ** പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയേയും ജനജീവിതത്തേയും ദോഷകരമായി ബാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് എൽ.പി.ജി. ഉത്പാദനം വർധിപ്പിക്കും. കൽക്കരി, എൽ.എൻ.ജി., എൽ.പി.ജി. എന്നിവയുടെ ഇറക്കുമതിക്കായി കൂടുതൽ രാജ്യങ്ങളെ ആശ്രയിച്ച് വിതരണശൃംഖല വിപുലീകരിച്ചെന്നും മോദി പറഞ്ഞു.

## Article Content

**ന്യൂഡൽഹി: ** പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയേയും ജനജീവിതത്തേയും ദോഷകരമായി ബാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് എൽ.പി.ജി. ഉത്പാദനം വർധിപ്പിക്കും. കൽക്കരി, എൽ.എൻ.ജി., എൽ.പി.ജി. എന്നിവയുടെ ഇറക്കുമതിക്കായി കൂടുതൽ രാജ്യങ്ങളെ ആശ്രയിച്ച് വിതരണശൃംഖല വിപുലീകരിച്ചെന്നും മോദി പറഞ്ഞു.

യുദ്ധം ഇന്ത്യക്ക് സമാനതകളില്ലാത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തികരംഗത്തും ദേശീയ സുരക്ഷാ മേഖലയിലും മാനുഷിക തലത്തിലും അത് ബാധിച്ചു. ചില ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടത് അതീവ ദുഃഖകരമാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഇന്ത്യൻ എംബസികൾ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും അടിയന്തര ഹെൽപ്പ് ലൈനുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായി രണ്ട് ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയതായും അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അവർ ഉറപ്പുനൽകിയതായും പ്രധാനമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349283/west-asian-conflict-india-faced-an-unexpected-challenge-pm-calls-for-an-end-to-the-conflict-as-soon-as-possible)