---
title: "‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രമായി കുറയും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ"
english_title: "center to consider releasing 10 liter cylinders instead of 14"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349276/center-to-consider-releasing-10-liter-cylinders-instead-of-14"
published_at: "2026-03-23T15:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c10d09b10ad_cylinder.jpg"
keywords: []
---

# ‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രമായി കുറയും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

> **Lead Summary:** **ന്യൂഡൽഹി: ** രാജ്യത്തെ പാചകവാതക പ്രതിസന്ധി മറികടക്കാൻ സിലിൻഡറുകളിലെ എൽ.പി.ജി. അളവ് കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെയാണ് പുതിയ നീക്കം. നിലവിലുള്ള 14.2 കിലോ സിലിൻഡറുകളിൽ 10 കിലോ ഗ്യാസ് നിറച്ച് വിതരണംചെയ്യാനാണ് പദ്ധതി. കുറഞ്ഞ അളവിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കാനും ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടിക്കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് നീക്കം.

## Article Content

**ന്യൂഡൽഹി: ** രാജ്യത്തെ പാചകവാതക പ്രതിസന്ധി മറികടക്കാൻ സിലിൻഡറുകളിലെ എൽ.പി.ജി. അളവ് കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെയാണ് പുതിയ നീക്കം. നിലവിലുള്ള 14.2 കിലോ സിലിൻഡറുകളിൽ 10 കിലോ ഗ്യാസ് നിറച്ച് വിതരണംചെയ്യാനാണ് പദ്ധതി. കുറഞ്ഞ അളവിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കാനും ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടിക്കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് നീക്കം.

നിലവിൽ പുതിയ എൽ.പി.ജി. കപ്പലുകളൊന്നും ഇന്ത്യൻ തീരത്തേക്ക് വരുന്നില്ലെന്നാണ് വ്യവസായ മേഖലയിൽനിന്നുള്ള വിവരം. കഴിഞ്ഞയാഴ്ച ഹോർമുസ് കടലിടുക്ക് കടന്നുകിട്ടിയ ചുരുക്കം ചില കപ്പലുകളിലാകട്ടെ, രാജ്യത്തെ ഒരു ദിവസത്തെ ഉപയോഗത്തിന് മാത്രമുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളൂ. പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാധാരണഗതിയിൽ ഒരു കുടുംബത്തിന് 35 മുതൽ 40 ദിവസം വരെ ലഭിക്കുന്ന സിലിണ്ടറിൽ 10 കിലോയായി കുറച്ചാലും ഏകദേശം ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നും ഇത്തരത്തിൽ വിതരണം ക്രമീകരിക്കുന്നതിലൂടെ ദൗർലഭ്യം കുറയ്ക്കാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ഇതുപ്രകാരം സിലിൻഡറിന്റെ വിലയിലും മാറ്റംവരുത്തും. എന്നാൽ, ബോട്‌ലിങ് പ്ലാന്റുകളിൽ ഇതിനായി പുതിയ ക്രമീകരണങ്ങൾ വരുത്തേണ്ടതും സർക്കാരിന്റെയും റെഗുലേറ്ററി അതോറിറ്റികളുടെയും അനുമതി ലഭിക്കേണ്ടതുമുണ്ട്. ഉപഭോക്താക്കൾക്കിടയിൽ ഉണ്ടായേക്കാവുന്ന പ്രതിഷേധവും രാഷ്ട്രീയമായ പ്രത്യാഘാതങ്ങളും പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349276/center-to-consider-releasing-10-liter-cylinders-instead-of-14)