---
title: "'തന്റെ ചങ്കിലെ ചോരയാണ് കോണ്‍ഗ്രസ്'; പുനലൂരില്‍ ഒത്തുതീര്‍പ്പായി, സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി സഞ്ജയ് ഖാന്‍"
english_title: "Sanjay Khan withdraws from contesting as an independent"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349268/sanjay-khan-withdraws-from-contesting-as-an-independent"
published_at: "2026-03-23T14:49:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c106113af0b_Sanjay_Khan.jpg"
keywords: []
---

# 'തന്റെ ചങ്കിലെ ചോരയാണ് കോണ്‍ഗ്രസ്'; പുനലൂരില്‍ ഒത്തുതീര്‍പ്പായി, സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി സഞ്ജയ് ഖാന്‍

> **Lead Summary:** **കൊല്ലം: **നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ മണ്ഡലം യുഡിഎഫില്‍ മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍. പുനലൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ലെന്ന് സഞ്ജയ് ഖാന്‍ പറഞ്ഞു.

## Article Content

**കൊല്ലം: **നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ മണ്ഡലം യുഡിഎഫില്‍ മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍. പുനലൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ലെന്ന് സഞ്ജയ് ഖാന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് കാണണമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചിരുന്നതായി സഞ്ജയ് ഖാന്‍ പറഞ്ഞു.

തന്റെ ചങ്കിലെ ചോരയാണ് കോണ്‍ഗ്രസ്. കുടുംബാംഗങ്ങളെ സ്‌നേഹിക്കുന്നതുപോലെ കോണ്‍ഗ്രസിനെ താന്‍ സ്‌നേഹിക്കുന്നു. കോണ്‍ഗ്രസ് നശിക്കാന്‍ പാടില്ല. മുസ്‌ലിം ലീഗ് സ്വതന്ത്രനായി മത്സരിക്കാനും താന്‍ സമ്മതം അറിയിച്ചിരുന്നു. നാമനിര്‍ദ്ദേശ പത്രിക താന്‍ സമര്‍പ്പിക്കുന്നില്ല. പിന്മാറുകയാണെന്നും സഞ്ജയ് ഖാന്‍ പറഞ്ഞു.

ചര്‍ച്ചക്ക് ശേഷം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് വികാരഭരിതമായ രംഗങ്ങളാണുണ്ടായത്. സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച കെസി വലിയ ത്യാ​ഗമാണ് നീ പാർട്ടിക്ക് വേണ്ടി ചെയ്തതെന്ന് പറഞ്ഞു. അപ്പോഴേക്കും ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ വികാരഭരിതനായി കെസിക്ക് ഒരു സ്നേഹ ചുംബനം നല്‍കിയിരുന്നു.

ലീഗിന് സീറ്റിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. 'സഞ്ജയ്, നീ കൊല്ലത്തെ ഏറ്റവും നല്ല സ്ഥാനാർത്ഥിയായിരുന്നു. ഞാൻ അതിന് വേണ്ടി ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ പല കാരണങ്ങളാല്‍ നടന്നില്ല. അടുത്തു വരുന്നത് യുഡിഎഫ് സർക്കാരാണ്. നീ ചെയ്ത ത്യാ​ഗത്തിന് ഫലം കിട്ടും. നിനക്ക് വിഷമമുണ്ടെന്ന് എനിക്കറിയാം. നിന്നോടെനിക്ക് വാ​ദിച്ച് ജയിക്കാനാവില്ലടാ. കാരണം ന്യായം നിന്റെ ഭാ​ഗത്താണ്. നിന്റെ വിഷമം ഞാൻ പരിഹരിക്കും.

നിന്നെ സന്തോഷിപ്പിക്കാൻ പറയുന്നതല്ല, ഇതെന്റെ വാക്കാണ്. നീ പാർട്ടിയുടെ ഏറ്റവും വലിയ സ്വത്താണ്. പാർട്ടി നിന്നെ ഉപയോ​ഗിക്കും. തല ഉയർത്തി നടക്കാവുന്ന അവസ്ഥയേ നിനക്ക് പാർട്ടിയിലുണ്ടാകൂ'. – കെട്ടിപ്പിടിച്ച് കൊണ്ട് കെസി വേണുഗേപാല്‍ സഞ്ജയ് ഖാനോട് പറഞ്ഞു. കെ സി വേണുഗോപാൽ ചില ഉറപ്പുകൾ നൽകിയതായാണ് സഞ്ജയ് ഖാനും വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349268/sanjay-khan-withdraws-from-contesting-as-an-independent)