---
title: "'ഏറെ ബഹുമാനിക്കുന്ന നേതാവാണ് തോമസ് ഐസക്'; മനോവിഷമം ഉണ്ടായിട്ടില്ല, ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്ന് രമേശ് പിഷാരടി "
english_title: "Ramesh Pisharody responds to senior CPM leader Thomas Isaac's apology"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349247/ramesh-pisharody-responds-to-senior-cpm-leader-thomas-isaacs-apology"
published_at: "2026-03-23T13:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0f3f377f2b_ramesh_pisharody_2.jpg"
keywords: []
---

# 'ഏറെ ബഹുമാനിക്കുന്ന നേതാവാണ് തോമസ് ഐസക്'; മനോവിഷമം ഉണ്ടായിട്ടില്ല, ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്ന് രമേശ് പിഷാരടി 

> **Lead Summary:** **പാലക്കാട്: **തനിക്കെതിരായ പരാമർശത്തിൽ മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി. തോമസ് ഐസകിൻ്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷാമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

## Article Content

**പാലക്കാട്: **തനിക്കെതിരായ പരാമർശത്തിൽ മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി. തോമസ് ഐസകിൻ്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷാമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

പലസ്തീൻ വിഷയത്തിലെ പ്രതികരണത്തെച്ചൊല്ലി തോമസ് ഐസക് ഉയർത്തിയ വിമർശനത്തിലും രമേഷ് പിഷാരടി മറുപടി നൽകി. പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിൻ്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. പഴയ പല ക്ലിപ്പുകളും അവർ തപ്പുന്നുണ്ട്, തപ്പി നടക്കട്ടെയെന്നും പിഷാരടി പറഞ്ഞു. ഉണ്ണി മുകുന്ദൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട ഫോട്ടോക്കാണ് താൻ ലൈക്ക് അടിച്ചത്. തന്നെ അര സംഘി എന്നല്ലെ പറഞ്ഞത്, ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോ എന്ന് പിഷാരടി പരിഹസിച്ചു. മുകേഷിനും ഇന്നസെൻ്റിനുമെല്ലാം പ്രചാരണത്തിന് പോയിട്ടുണ്ട്. അതെല്ലാം അവർ തപ്പിയെടുക്കട്ടെ എന്നും ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണ് എന്നും പിഷാരടി പറഞ്ഞു.

അല്പസമയം മുൻപാണ് രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ തോമസ് ഐസക് രംഗത്തുവന്നത്. രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട് എന്നും അഭിനയ മികവിനെക്കുറിച്ച് മോശം പറയാനല്ല ഉദ്ദേശിച്ചത് എന്നും തോമസ് ഐസക് പറഞ്ഞു. തന്റെ വിമർശനം രാഷ്ട്രീയമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പശ്ചിമേഷ്യയിലെ പ്രശ്നമാണ്. അതിൽ തങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ട്. പിഷാരടിയുടെ രാഷ്ട്രീയ നിലപാടില്ലായ്മയെയാണ് താൻ വിമർശിച്ചത് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിട്ട് മതനിരപേക്ഷ ശക്തികളുടെ വോട്ട് കിട്ടുമോ? അങ്ങനെയിരിക്കെ ജനങ്ങൾ എൽഡിഎഫിലേക്ക് മാറുമ്പോൾ ഡീൽ എന്നുപറഞ്ഞ് വരികയാണ്. അവിടെ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള അച്ചാരം ഞങ്ങൾ വാങ്ങിയിട്ടില്ല. തോൽക്കാൻ പോകുന്നത് കോൺഗ്രസാണ് എന്നും തോമസ് ഐസക് വ്യക്തമാക്കി.

രമേഷ് പിഷാരടിയെ 'കോമാളി വേഷം കെട്ടുന്ന നടൻ' എന്നാണ് തോമസ് ഐസക് വിമർശിച്ചത്. 'കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ' എന്നാണ് തോമസ് ഐസക് പറഞ്ഞത്. പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ സി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു തോമസ് ഐസകിന്റെ പരാമര്‍ശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349247/ramesh-pisharody-responds-to-senior-cpm-leader-thomas-isaacs-apology)