---
title: "' തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി  തന്നെ സമ്മതിച്ചിട്ടുണ്ട്' - സുരേഷ് ഗോപി"
english_title: "'The Chief Minister himself has admitted that officials messed up Thrissur Pooram' - SureshGopi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349159/the-chief-minister-himself-has-admitted-that-officials-messed-up-thrissur-pooram-sureshgopi"
published_at: "2026-03-22T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c02067b0f7b_gopi.jpg"
keywords: []
---

# ' തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി  തന്നെ സമ്മതിച്ചിട്ടുണ്ട്' - സുരേഷ് ഗോപി

> **Lead Summary:** **തൃശൂ‍ർ: ** തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെ പക്വതയില്ലായ്മ കാരണമാണ് പൂരം കലങ്ങിയതെന്ന് മുഖ്യമന്ത്രി പരസ്യമായി പോലും സമ്മതിച്ചിട്ടുണ്ട്.

## Article Content

**തൃശൂ‍ർ: ** തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെ പക്വതയില്ലായ്മ കാരണമാണ് പൂരം കലങ്ങിയതെന്ന് മുഖ്യമന്ത്രി പരസ്യമായി പോലും സമ്മതിച്ചിട്ടുണ്ട്.

2025 ലെ പൂരം മീറ്റിംഗിൽ 2024 ലെ പൂരം അലങ്കോലപ്പെട്ടതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലുകളാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നു പറഞ്ഞതായും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട മൊഴികൾ ഉടൻ ഹൈക്കോടതിയിൽ എത്തുമെന്നും തൃശൂർ പൂരം പ്രദർശന നഗരിയുടെ ഉദ്ഘാടന വേദിയിൽ സുരേഷ് ഗോപി വിവരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രന്റെ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

അന്ന് പൂരം കലക്കിയതുപോലെ ഈ തെരഞ്ഞെടുപ്പ് സമയത്ത് പാചകവാതക വിതരണത്തിലും അട്ടിമറിക്ക് ശ്രമം നടന്നതായി സുരേഷ് ഗോപി ആരോപിച്ചു. പാചകവാതകം കിട്ടാനില്ലെന്നും ക്ഷേത്രങ്ങളിലെ പൂജകൾ പോലും മുടങ്ങുന്നുവെന്നുമുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രി വിമർശനം നടത്തിയത്.

ഹോട്ടലുകൾക്കുള്ള 20 ശതമാനം ഗ്യാസ് വിതരണം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അട്ടിമറിക്കാൻ ശ്രമിച്ചു. ഈ നീക്കങ്ങളെല്ലാം ഇന്നലെ പൂർണ്ണമായും അറുത്തുമുറിച്ച് സ്റ്റിച്ചിടാൻ പറ്റാത്തവണ്ണം ആക്കി കൊടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഇത്തരം അട്ടിമറി നീക്കങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349159/the-chief-minister-himself-has-admitted-that-officials-messed-up-thrissur-pooram-sureshgopi)