---
title: "താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിക്കാമോ? അങ്ങനെയെങ്കിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ റെഡി - ഫാത്തിമ തഹ്‌ലിയ"
english_title: "Fatima Tahlia responds to the allegations made by AhmedDevarkovil, Jamaat-e-Islami nominee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349117/fatima-tahlia-responds-to-the-allegations-made-by-ahmeddevarkovil-jamaat-e-islami-nominee"
published_at: "2026-03-22T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfb087da965_thahliya.jpg"
keywords: []
---

# താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിക്കാമോ? അങ്ങനെയെങ്കിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ റെഡി - ഫാത്തിമ തഹ്‌ലിയ

> **Lead Summary:** **കോഴിക്കോട്: ** ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

## Article Content

**കോഴിക്കോട്: ** ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

മുസ്‌ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഐഎൻഎൽ എന്നും ദേവർകോവിൽ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ പരാമർശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നും തഹ്‌ലിയ പറഞ്ഞു. 'എന്റെ രാഷ്ട്രീയ ഗുരുനാഥന്മാർ എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയാണ് എന്റെ മേൽവിലാസം,' എന്നും ഫാത്തിമ പറഞ്ഞു.

അഹമ്മദ് ദേവർകോവിലിന്റെ അതേ നിലപാട് ആണോ മറ്റ് ഇടത് നേതാക്കൾക്ക് ഉള്ളത് എന്ന് വ്യക്തമാക്കണമെന്നും ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഈ വിഷയത്തിലെ നിലപാട് എന്താണെന്നും അവർ ചോദിച്ചു. തനിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും തഹ്‌ലിയ കൂട്ടിച്ചേർത്തു.

അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോടാണ് ചോദ്യം ഉന്നയിക്കേണ്ടത് എന്നായിരുന്നു കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്ണൻ പറഞ്ഞത്. കേരളത്തിന്റെ പൊതുവിഷയങ്ങളിലുള്ള നിലപാടിലെ ഐക്യത്തിന്റെ പേരിലാണ് ഇടത് മുന്നണിയിലെ വിവിധ പാർട്ടികൾ ചേർന്ന് നിൽക്കുന്നതെന്നും മറ്റ് കാര്യങ്ങളിൽ ഈ പാർട്ടികൾ എടുക്കുന്ന എല്ലാ നിലപാടികളിലും എൽഡിഎഫ് കൺവീനർക്ക് വിശദീകരണം നൽകാനാകില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349117/fatima-tahlia-responds-to-the-allegations-made-by-ahmeddevarkovil-jamaat-e-islami-nominee)