---
title: "പക്ഷിപ്പനി ഭീതിയിൽ കോഴിക്കോട്; പ്രതിരോധ നടപടികൾ ഊർജിതം, പതിനയ്യായിരത്തോളം പക്ഷികളെ കള്ളിങ് നടത്തി"
english_title: "Kozhikode under threat of bird flu; preventive measures intensified, around 15,000 birds culled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349057/kozhikode-under-threat-of-bird-flu-preventive-measures-intensified-around-15000-birds-culled"
published_at: "2026-03-22T07:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf4c1be6b4c_2.jpg"
keywords: []
---

# പക്ഷിപ്പനി ഭീതിയിൽ കോഴിക്കോട്; പ്രതിരോധ നടപടികൾ ഊർജിതം, പതിനയ്യായിരത്തോളം പക്ഷികളെ കള്ളിങ് നടത്തി

> **Lead Summary:** **കോഴിക്കോട്:**കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ച് കേന്ദ്രങ്ങളിലായി പതിനയ്യായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം പടരുന്നത് തടയാനായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തിൽ മാത്രം 450-ഓളം പക്ഷികളെ നശിപ്പിച്ചു. മുതിർന്ന വെറ്ററിനറി സർജന്മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടികൾ.

## Article Content

**കോഴിക്കോട്:**കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ച് കേന്ദ്രങ്ങളിലായി പതിനയ്യായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം പടരുന്നത് തടയാനായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തിൽ മാത്രം 450-ഓളം പക്ഷികളെ നശിപ്പിച്ചു. മുതിർന്ന വെറ്ററിനറി സർജന്മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടികൾ.

പനങ്ങാട് പഞ്ചായത്തിലെ 12, 15, 16 വാർഡുകളിലെ കോഴികളെയും താറാവുകളെയും പൂർണ്ണമായും ഒഴിവാക്കി. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിധിയിൽ കോഴി, താറാവ്, കാട എന്നിവയുടെ വിപണനത്തിനും ഉപയോഗത്തിനും കർശന നിരോധനം ഏർപ്പെടുത്തി. നിരീക്ഷണ മേഖലയ്ക്ക് പുറത്തുള്ള വാർഡുകളിൽ വളർത്തുപക്ഷികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പക്ഷികളുമായി നേരിട്ട് ഇടപഴകുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വളർത്തുപക്ഷികളിൽ അസ്വാഭാവികമായ മാറ്റങ്ങളോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാ കൺട്രോൾ റൂമിനെയോ വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349057/kozhikode-under-threat-of-bird-flu-preventive-measures-intensified-around-15000-birds-culled)