---
title: "യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശിയെ സൈബർ പോലീസ് പിടികൂടി"
english_title: "Cyber ​​police arrest Kasaragod native for morphing and spreading photos of young women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349049/cyber-police-arrest-kasaragod-native-for-morphing-and-spreading-photos-of-young-women"
published_at: "2026-03-21T23:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bee0f134803_13.jpg"
keywords: []
---

# യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശിയെ സൈബർ പോലീസ് പിടികൂടി

> **Lead Summary:** **കാസർഗോഡ്: **യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ സ്റ്റുഡിയോ ആൽബം ഡിസൈനർ പിടിയിലായി.

## Article Content

**കാസർഗോഡ്: **യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ സ്റ്റുഡിയോ ആൽബം ഡിസൈനർ പിടിയിലായി.

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർകോട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായാണ് പ്രാഥമിക വിവരം.

യുവതികൾ തങ്ങളുടെ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ കണ്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്. നിലവിൽ ആറ് പേർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെങ്കിലും മുപ്പത്തിരണ്ടോളം പേരുടെ ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചതായി സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം ചില പുരുഷന്മാരുടെ ഫോട്ടോകൾ കൂടി മോർഫ് ചെയ്ത് ചേർത്തതായും പരാതിയുണ്ട്. പ്രതിയിൽ നിന്ന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത ഉപകരണങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതി ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിന്റെ കൂടുതൽ വിവരങ്ങൾക്കായി പോലീസ് ടെലഗ്രാം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349049/cyber-police-arrest-kasaragod-native-for-morphing-and-spreading-photos-of-young-women)