---
title: "'തങ്ങൾ ചേർത്തു പിടിക്കുമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളും'; പി.എം.എ സലാം പരിഹസിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി"
english_title: "Abdurahman Randathani posts a Facebook post after PMA mocks Salaam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349018/abdurahman-randathani-posts-a-facebook-post-after-pma-mocks-salaam"
published_at: "2026-03-21T18:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be92c160b7d_abdurahiman_randathani.jpg"
keywords: []
---

# 'തങ്ങൾ ചേർത്തു പിടിക്കുമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളും'; പി.എം.എ സലാം പരിഹസിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി

> **Lead Summary:** **മലപ്പുറം : **മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പരിഹസിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി. നാല് പതിറ്റാണ്ടിലേറെയായി സുഖത്തിലും ദുഃഖത്തിലും പാണക്കാട് തങ്ങന്മാരെ ആശ്രയിക്കുന്നവനാണ് താനെന്നും സാദിഖലി ശിഹാബ് തങ്ങൾ ചേർത്തു പിടിക്കുമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളുന്ന മുസ്ലിം ലീഗുകാരനുമാണെന്നും രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**മലപ്പുറം : **മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പരിഹസിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി. നാല് പതിറ്റാണ്ടിലേറെയായി സുഖത്തിലും ദുഃഖത്തിലും പാണക്കാട് തങ്ങന്മാരെ ആശ്രയിക്കുന്നവനാണ് താനെന്നും സാദിഖലി ശിഹാബ് തങ്ങൾ ചേർത്തു പിടിക്കുമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളുന്ന മുസ്ലിം ലീഗുകാരനുമാണെന്നും രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരേ പരസ്യ പ്രതികരണം നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പരിഹസിച്ചിരുന്നു. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞ് തിരിച്ചുപോയെന്നായിരുന്നു സലാമിന്‍റെ പരിഹാസം. സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ തിരൂരങ്ങാടിയിലെ ഒരു യു.ഡി.എഫ് പ്രവര്‍ത്തകനും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ അബ്ദുറഹ്മാന്‍ രണ്ടത്താണി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടത്താണി തിരൂരങ്ങാടിയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ രണ്ടത്താണി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗില്‍ തുടരുമെന്ന് അറിയിക്കുകയുമായിരുന്നു.

**ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം**

***നാല് പതിറ്റാണ്ടിലേറെയായി സുഖത്തിലും ദുഃഖത്തിലും പാണക്കാട് തങ്ങന്മാരെ ആശ്രയിക്കുന്നവനാണ് ഞാൻ. സാദിഖലി ശിഹാബ് തങ്ങൾ ചേർത്തു പിടിക്കുമെന്നു പറഞ്ഞാൽ അതുൾക്കൊള്ളുന്ന മുസ്ലിം ലീഗുകാരനുമാണ്. ഒലിവുമരത്തിന്റെ ശാന്തിയും ഉണ്ണിയപ്പത്തിന്റെ മധുരിമയും ചേർന്നു നിൽക്കുന്ന കേരളീയ സംസ്കൃതിയുടെ സ്രോതസ്സുകളിലൊരിടമാണിത്.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349018/abdurahman-randathani-posts-a-facebook-post-after-pma-mocks-salaam)