---
title: "യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞ് പാലക്കാട്, 'ഇതാ ജയിച്ചു' എന്ന് ബിജെപി, നാണം കെട്ട മൂന്നാം സ്ഥാനത്തു നിന്ന് കുതിക്കാൻ എൽഡിഎഫ്"
english_title: "palakkad assembly election 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348916/palakkad-assembly-election-2026"
published_at: "2026-03-21T11:53:00+05:30"
category: "Talks & Topics"
language: "ml"
image: "https://truevisionnews.com/image-uploads/69be3b3107f83_palakkad.jpg"
keywords: []
---

# യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞ് പാലക്കാട്, 'ഇതാ ജയിച്ചു' എന്ന് ബിജെപി, നാണം കെട്ട മൂന്നാം സ്ഥാനത്തു നിന്ന് കുതിക്കാൻ എൽഡിഎഫ്

> **Lead Summary:** ത്രികോണ മത്സരമെന്ന് പറയുമെങ്കിലും 2011 മുതൽ പാലക്കാട് മണ്ഡലം യുഡിഎഫിനെയാണു വിജയിപ്പിച്ചിട്ടുള്ളത്. 2016 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024ലെ ഉപതിരഞ്ഞെടുപ്പിലും ബിജെപിയാണു രണ്ടാം സ്ഥാനത്ത്. കോൺഗ്രസിനു ജയം തുടരണം, ബിജെപിക്ക് ഇനി ജയിച്ചു കയറണം, സിപിഎമ്മിനു മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്കു കുതിക്കണം.

## Article Content

ത്രികോണ മത്സരമെന്ന് പറയുമെങ്കിലും 2011 മുതൽ പാലക്കാട് മണ്ഡലം യുഡിഎഫിനെയാണു വിജയിപ്പിച്ചിട്ടുള്ളത്. 2016 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024ലെ ഉപതിരഞ്ഞെടുപ്പിലും ബിജെപിയാണു രണ്ടാം സ്ഥാനത്ത്. കോൺഗ്രസിനു ജയം തുടരണം, ബിജെപിക്ക് ഇനി ജയിച്ചു കയറണം, സിപിഎമ്മിനു മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്കു കുതിക്കണം.

മണ്ഡലം നിലനിർത്താനുള്ള പോരാട്ടത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടിയെയാണു കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനാണു ബിജെപിക്കായി ഇറങ്ങുന്നത്. ഉപ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സ്വതന്ത്രസ്ഥാനാർഥി പരീക്ഷണം സി പിഎം ഹോട്ടൽ വ്യവസായി എൻ എംആർ.റസാഖിലൂടെ തുടരുന്നു.

2011ൽ കോൺഗ്രസിലെ ഷാഫി പറമ്പിൽ വന്നതോടെയാണു പാലക്കാട് യുഡിഎഫ് പക്ഷത്തേക്കു പൂർണമായി ചാഞ്ഞത്. 2011, 2016, 2021 വർഷങ്ങളിൽ ഷാഫി ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നു വൻ ഭൂരി പക്ഷത്തോടെ വിജയിച്ചതോടെ ഷാഫിക്കു പാലക്കാടിനോടു വിട പറയേണ്ടി വന്നു. അദ്ദേഹത്തിനു പിൻഗാമിയായി 2024 ലെ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വന്നു. ത്രികോണ മത്സരത്തിൽ 18,840 വോട്ട് എന്ന റെക്കോർഡ് ഭൂരിപക്ഷത്തോടെ രാഹുൽ ജയിച്ചു. എന്നാൽ, പീഡനാരോപണങ്ങളും അറസ്റ്റും നേരിട്ട രാഹുലിനെ കോൺഗ്രസിനു പുറത്താക്കേണ്ടി വന്നു.

പാലക്കാട്ട് കുടുംബവേരുകളുള്ള രമേഷ് പിഷാരടിക്ക് കുറഞ്ഞ നാളുകളിൽ ലഭിച്ച സ്വീകാര്യതയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. മണ്ഡലത്തിൻ്റെ യുഡിഎഫ് സ്വഭാവത്തിനൊപ്പം കൂട്ടായ പരിശ്രമം കൂടി ചേർന്നാൽ വിജയം ഉറപ്പാണെന്ന് അവർ കരുതുന്നു. 'ഇതാ ജയിച്ചു, ഇതാ ജയിച്ചു' എന്ന തോന്നലുണ്ടാക്കിയെങ്കിലും ജയിക്കാൻ കഴിയാത്തതിൻ്റെ കുറവ് ഇത്തവണ നികത്തുമെന്നു ബിജെപി പറയുന്നു.

2021ൽ മെട്രോമാൻ ഇ.ശ്രീധരനെ മത്സരിപ്പിച്ചപ്പോൾ ജയം ഉറപ്പെന്നു കരുതിയെങ്കിലും അവസാനഘട്ടത്തിൽ 3,859 വോട്ടുകൾക്ക് ഷാഫി പറമ്പിൽ തന്നെ ജയിച്ചു. ഉപതിരഞ്ഞെടുപ്പിൽ ആ മുന്നേറ്റം കിട്ടിയതുമില്ല. പക്ഷേ, പാലക്കാട് നഗരസഭയിലെ തുടർഭരണവും പാർട്ടിക്കുണ്ടായ വളർച്ചയും ബിജെപിക്കു കൂടുതൽ പ്രതീക്ഷ നൽകുന്നു. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കുന്നതിനു പിന്നിൽ മറ്റൊരു കണക്കു കൂടിയുണ്ട്. 2011 ൽ 22,317 വോട്ടുകളാണു ബിജെപിക്കു ലഭിച്ചത്. എന്നാൽ 2016 ൽ ശോഭ മത്സരിച്ചപ്പോൾ അതു 40,076 വോട്ടു കളായി.

'നാണം കെട്ട മൂന്നാം സ്‌ഥാനം' എന്നാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പു ഫലത്തെ ഒരിക്കൽ സിപിഎമ്മിന്റെ സമ്മേളന റിപ്പോർട്ട് തന്നെ വിശേഷിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പിൽ ഡോ.പി.സരിനിലൂടെ ചുറ്റിക അരിവാൾ മാറ്റി സ്റ്റെതസ്കോപ്പ് ചിഹ്ന്നത്തിൽ മത്സരിച്ചിട്ടും മൂന്നാം സ്‌ഥാനം തുടർന്നു. 2021 നെക്കാൾ കൂടിയത് 860 വോട്ടുകൾ മാത്രം. ഇത്തവണയും സ്വതന്ത്രപരിക്ഷണം തുടരുന്ന സിപിഎമ്മിൻ്റെ ഏക പ്രതീക്ഷ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച രണ്ടാം സ്ഥാനമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348916/palakkad-assembly-election-2026)