---
title: "'പാർട്ടിയാണ് വലുത്; ഞാന്‍ മാത്രമല്ല, സാധ്യതാ പട്ടികയിലുണ്ടായിരുന്ന പലരും നോട്ടീസ് തയ്യാറാക്കിയിരുന്നു' - ദീപ്തി മേരി വര്‍ഗീസ്"
english_title: "Congress leader Deepti Mary Varghese says she is not disappointed in not getting a seat in the assembly elections."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348825/congress-leader-deepti-mary-varghese-says-she-is-not-disappointed-in-not-getting-a-seat-in-the-assembly-elections"
published_at: "2026-03-20T18:52:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd4a1192ea6_deepthi_mery_varghese.jpg"
keywords: []
---

# 'പാർട്ടിയാണ് വലുത്; ഞാന്‍ മാത്രമല്ല, സാധ്യതാ പട്ടികയിലുണ്ടായിരുന്ന പലരും നോട്ടീസ് തയ്യാറാക്കിയിരുന്നു' - ദീപ്തി മേരി വര്‍ഗീസ്

> **Lead Summary:** **കൊച്ചി: ** നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. ഷിയാസിന് വേണ്ടി മാത്രമല്ല, ജില്ലയിലെ 14 മണ്ഡലങ്ങളിലും പ്രചാരണത്തിന് ഉണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടാണ്. സീറ്റ് പലരും ആഗ്രഹിക്കും. ജില്ലയില്‍ 14 സീറ്റും പിടിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

## Article Content

**കൊച്ചി: ** നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. ഷിയാസിന് വേണ്ടി മാത്രമല്ല, ജില്ലയിലെ 14 മണ്ഡലങ്ങളിലും പ്രചാരണത്തിന് ഉണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടാണ്. സീറ്റ് പലരും ആഗ്രഹിക്കും. ജില്ലയില്‍ 14 സീറ്റും പിടിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സീറ്റ് സാധ്യത മുന്നില്‍ കണ്ട് താന്‍ മാത്രമല്ല നോട്ടീസ് അടിച്ചത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന പലരും തയ്യാറാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ഉള്ളതുകൊണ്ടാണ് മുന്നൊരുക്കം നടത്തിയതെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

ജയസാധ്യതയുള്ള വളരെയധികം ആളുകള്‍ ഓരോ നിയോജക മണ്ഡലത്തിലും ഉണ്ട്. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിയാവാന്‍ സാധിക്കില്ല. എ കെ ആന്റണി മുതല്‍ എല്ലാ നേതാക്കളും തന്നോട് സംസാരിച്ചിരുന്നു. താന്‍ ആരോടും ഒരു നിരാശയും പറഞ്ഞിട്ടില്ല. തന്റെ കാര്യത്തില്‍ അവഗണ എന്ന വാക്കുതന്നെ ഉപയോഗിക്കാനാവില്ല. എല്ലാ മണ്ഡലത്തിലും പോയി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നാണ് സ്ഥാനാർഥിത്വത്തെ കുറിച്ച് ദീപ്തി മേരി വർഗീസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘സർവ്വം ദീപ്തം’ എന്ന പേരിൽ പോസ്റ്ററുകൾ അടിക്കുകയും ചെയ്തിരുന്നു. ദീപ്തി മേരി വർ​ഗീസിനെ പരി​ഗണിക്കണമെന്നായിരുന്നു കെ സി വേണു​ഗോപാൽ അടക്കമുള്ളവരുടെ നിലപാട്. എന്നാൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന നിലപാടിൽ വി ഡി സതീശൻ ഉറച്ചുനിൽക്കുകയായിരുന്നു. കൊച്ചി മേയർ സ്ഥാനത്തേക്ക് ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ട ദീപ്തി മേരി വർഗീസിനെ തഴഞ്ഞാണ് മിനിമോളെ സ്ഥാനാർഥിയാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348825/congress-leader-deepti-mary-varghese-says-she-is-not-disappointed-in-not-getting-a-seat-in-the-assembly-elections)