---
title: "വാതകപ്പാടങ്ങൾ ലക്ഷ്യമിട്ടാൽ തിരിച്ചടി കടുക്കും - ഇറാൻ വിദേശകാര്യമന്ത്രി"
english_title: "Targeting gas fields will result in severe retaliation - Iranian Foreign Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348798/targeting-gas-fields-will-result-in-severe-retaliation-iranian-foreign-minister"
published_at: "2026-03-20T15:56:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd21252e885_16.jpg"
keywords: []
---

# വാതകപ്പാടങ്ങൾ ലക്ഷ്യമിട്ടാൽ തിരിച്ചടി കടുക്കും - ഇറാൻ വിദേശകാര്യമന്ത്രി

> **Lead Summary:** തങ്ങളുടെ ഊർജ്ജ മേഖലയ്ക്ക് നേരെ ഇസ്രായേൽ വീണ്ടും നീങ്ങിയാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറാന്റെ വാതകപ്പാടങ്ങൾ ആക്രമിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. മുൻപ് ഗൾഫ് മേഖലയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്തിയ നീക്കങ്ങൾ ഇറാന്റെ യഥാർത്ഥ ശേഷിയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും, ഇനിയൊരു പ്രകോപനമുണ്ടായാൽ സംയമനം പാലിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

## Article Content

തങ്ങളുടെ ഊർജ്ജ മേഖലയ്ക്ക് നേരെ ഇസ്രായേൽ വീണ്ടും നീങ്ങിയാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറാന്റെ വാതകപ്പാടങ്ങൾ ആക്രമിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. മുൻപ് ഗൾഫ് മേഖലയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്തിയ നീക്കങ്ങൾ ഇറാന്റെ യഥാർത്ഥ ശേഷിയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും, ഇനിയൊരു പ്രകോപനമുണ്ടായാൽ സംയമനം പാലിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

അതിനിടെ, മേഖലയിലെ സൈനിക സംഘർഷം കൂടുതൽ സങ്കീർണ്ണമാകുകയാണ്. അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങൾ ഏപ്രിൽ അവസാനം വരെ തുടരുകയാണെങ്കിൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 180 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രതിരോധ മേഖലയിൽ വലിയ തോതിലുള്ള നിക്ഷേപമാണ് അമേരിക്ക ഇപ്പോൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കായി 1,650 കോടി ഡോളറിന്റെ ആയുധങ്ങൾ കൈമാറുന്നതിൽ 700 കോടി ഡോളറിന്റെ വിഹിതം യു.എ.ഇയ്ക്കാണ് നൽകുന്നത്. യുദ്ധാവശ്യങ്ങൾക്കായി 20,000 കോടി ഡോളർ അനുവദിക്കണമെന്ന പെന്റഗണിന്റെ ആവശ്യം യുഎസ് കോൺഗ്രസ് അംഗീകരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള സാമ്പത്തിക ക്രമത്തെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348798/targeting-gas-fields-will-result-in-severe-retaliation-iranian-foreign-minister)