---
title: "'എം വി ഗോവിന്ദന്‍റെ ഭാര്യയെന്നതല്ല പ്രത്യേകത, അവർ പാർട്ടി നേതാവ്; തളിപ്പറമ്പിൽ ആദ്യം പരിഗണിക്കുക പി.കെ ശ്യാമളയെ' - മുഖ്യമന്ത്രി"
english_title: "pinarayi vijayan reacts to pk shyamalas candidacy in taliparamba assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348752/pinarayi-vijayan-reacts-to-pk-shyamalas-candidacy-in-taliparamba-assembly-elections"
published_at: "2026-03-20T12:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcf4e9039bd_pk_shyamala.jpg"
keywords: []
---

# 'എം വി ഗോവിന്ദന്‍റെ ഭാര്യയെന്നതല്ല പ്രത്യേകത, അവർ പാർട്ടി നേതാവ്; തളിപ്പറമ്പിൽ ആദ്യം പരിഗണിക്കുക പി.കെ ശ്യാമളയെ' - മുഖ്യമന്ത്രി

> **Lead Summary:** കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്നതല്ല പി.കെ. ശ്യാമളയുടെ പ്രത്യേകത എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്യാമള മണ്ഡലത്തിലെ ഏറ്റവും അനുയോജ്യ സ്ഥാനാർഥിയാണ്. മണ്ഡലത്തിന്റെ കാര്യമെടുത്താൽ ആദ്യം പരിഗണിക്കേണ്ടത് പി.കെ. ശ്യാമളയെ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്നതല്ല പി.കെ. ശ്യാമളയുടെ പ്രത്യേകത എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്യാമള മണ്ഡലത്തിലെ ഏറ്റവും അനുയോജ്യ സ്ഥാനാർഥിയാണ്. മണ്ഡലത്തിന്റെ കാര്യമെടുത്താൽ ആദ്യം പരിഗണിക്കേണ്ടത് പി.കെ. ശ്യാമളയെ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹത്തിന് മുന്നേ തന്നെ ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ച ആളാണ് ശ്യാമ‌ള. പൊതുജീവിതം തുടങ്ങിയത് അവിടെ മുതലാണ്. തളിപ്പറമ്പ് മണ്ഡലത്തിൽ താഴെ തട്ട് മുതൽ പ്രവർത്തിക്കുന്ന സഖാവാണ് ശ്യാമള. പൊതു അംഗീകാരമുള്ള വനിതയാണവർ. ജീവിതത്തിൻ്റെ ഒരു ഭാഗത്തും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകാതെ ഇരുന്നിട്ടില്ല അവർ. പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന പ്രത്യേകതയല്ല സ്ഥാനാർഥിത്വത്തിന്റെഅടിസ്ഥാനം, പിണറായി വിജയൻ്റെ വാക്കുകൾ.

**പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി**

'ഒരു പെട്ടെന്നുള്ള ഉയര്‍ച്ചയല്ല പി കെ ശ്യാമള ടീച്ചറുടേത്. എം വി ഗോവിന്ദന്‍ മാഷിനെ വിവാഹം ചെയ്യും മുമ്പേ പി കെ ശ്യാമള ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകയായിരുന്നു. വിവിധ പാര്‍ട്ടി കമ്മിറ്റികളിലൂടെ വളര്‍ന്നുവന്നയാളാണ് ശ്യാമള ടീച്ചര്‍. നല്ല നിലയില്‍ തദ്ദേശ ഭരണ രംഗത്തും പി കെ ശ്യാമള പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് പ്രദേശത്ത് തന്നെയുള്ളയാണ് ശ്യാമള ടീച്ചര്‍. ആ പ്രദേശവുമായി ബന്ധപ്പെട്ടു തന്നെയാണ് അവര്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഒരു വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് പി കെ ശ്യാമളയുടേത്. പി കെ ശ്യാമളയെ തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരു ഔചിത്യക്കുറവും ഇല്ല. എം വി ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യ എന്ന നിലയ്‌ക്കല്ല, പി കെ ശ്യാമള എന്ന നിലയ്‌ക്ക് തന്നെ ഒരു വ്യക്തിത്വം അവര്‍ക്കുണ്ട്. അതിന്‍റെ ഭാഗമായാണ് പി കെ ശ്യാമള സ്ഥാനാര്‍ഥിയായത്. ആരുടെയെങ്കിലും ഭാര്യ എന്നുപറഞ്ഞ് ഒരു സ്‌ത്രീക്ക് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നത് ശരിയല്ല'- എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.

അതേസമയം തളിപ്പറമ്പില്‍ പി കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത് എം വി ഗോവിന്ദന്‍റെ ഭാര്യയെന്ന നിലയിലാണെന്ന നിലയിലായിരുന്നു ടി കെ ഗോവിന്ദന്‍റെ വിമര്‍ശനം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർഥിയാക്കിയത് ആസൂത്രിതമാണെന്നായിരുന്നു ടി കെ ഗോവിന്ദന്‍റെ വാക്കുകള്‍.

ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ ടി കെ ഗോവിന്ദൻ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ടി കെ ഗോവിന്ദനെ സിപിഎം പുറത്താക്കി. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെ ചോദ്യം ചെയ്‌ത് സമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം അണികളില്‍ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്‌തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348752/pinarayi-vijayan-reacts-to-pk-shyamalas-candidacy-in-taliparamba-assembly-elections)