---
title: "വേദനയില്ലാത്ത മരണത്തിലേക്ക്; ഹരീഷ് റാണയുടെ ദയാവധ നടപടികൾ ആരംഭിച്ചു, ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു"
english_title: "Towards a painless death; Euthanasia procedures for Harish Rana have begun, feeding tube and oxygen support removed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348715/towards-a-painless-death-euthanasia-procedures-for-harish-rana-have-begun-feeding-tube-and-oxygen-support-removed"
published_at: "2026-03-20T10:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcd08d49db6_feeding_tube_and_oxygen_support_removed.jpg"
keywords: []
---

# വേദനയില്ലാത്ത മരണത്തിലേക്ക്; ഹരീഷ് റാണയുടെ ദയാവധ നടപടികൾ ആരംഭിച്ചു, ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു

> **Lead Summary:** ദില്ലി: കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾക്ക് തുടക്കമായി. എയിംസിലെ ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള പത്തംഗ മെഡിക്കൽ സംഘമാണ് നടപടികൾ നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായി റാണയ്ക്ക് നൽകിയിരുന്ന ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ഡോക്ടർമാർ നീക്കം ചെയ്തു.

## Article Content

ദില്ലി: കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾക്ക് തുടക്കമായി. എയിംസിലെ ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള പത്തംഗ മെഡിക്കൽ സംഘമാണ് നടപടികൾ നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായി റാണയ്ക്ക് നൽകിയിരുന്ന ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ഡോക്ടർമാർ നീക്കം ചെയ്തു.

മരണം വേഗത്തിലാക്കുക എന്നതിലുപരി, ഒട്ടും വേദനയില്ലാത്ത ഒരു മരണം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി ഈ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ലാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റത്. യന്ത്ര സഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ദയാവധം നൽകണമെന്ന് അപേക്ഷിച്ച് വയോധികരായ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.

ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെ ബി പർദ്ദിവാലാ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന ഡോക്ടർമാർ വ്യക്തമാക്കിയെന്ന് കോടതി അറിയിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും കോടതി നൽകിയിരുന്നു. റാണയുടെ കുടുംബത്തിന്റെ പ്രവൃത്തി നിസ്വാർത്ഥമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാലാ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348715/towards-a-painless-death-euthanasia-procedures-for-harish-rana-have-begun-feeding-tube-and-oxygen-support-removed)