---
title: "'നെടുമങ്ങാട് ലാൻഡിങ് സേഫ്, പ്രതിഷേധ സ്വരങ്ങളില്ല; കോൺഗ്രസ് ഒറ്റക്കെട്ട്': മീനാങ്കൽ കുമാർ"
english_title: "Congress is united Meenangal Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348708/congress-is-united-meenangal-kumar"
published_at: "2026-03-20T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcc911d5b14_Congress_is_united_Meenangal_Kumar.jpg"
keywords: []
---

# 'നെടുമങ്ങാട് ലാൻഡിങ് സേഫ്, പ്രതിഷേധ സ്വരങ്ങളില്ല; കോൺഗ്രസ് ഒറ്റക്കെട്ട്': മീനാങ്കൽ കുമാർ

> **Lead Summary:** തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നെടുമങ്ങാട് കോൺഗ്രസിൽ ഉയർന്നുവന്ന പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ നീക്കവുമായി യുഡിഎഫ് സ്ഥാനാർത്ഥി മീനാങ്കൽ കുമാർ. ഇന്ന് രാവിലെ ഡിസിസി ഭാരവാഹികളുമായും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തനിക്ക് നേരെ ഉയർന്ന പ്രതിഷേധങ്ങൾ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സന്ദർശനം.

## Article Content

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നെടുമങ്ങാട് കോൺഗ്രസിൽ ഉയർന്നുവന്ന പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ നീക്കവുമായി യുഡിഎഫ് സ്ഥാനാർത്ഥി മീനാങ്കൽ കുമാർ. ഇന്ന് രാവിലെ ഡിസിസി ഭാരവാഹികളുമായും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തനിക്ക് നേരെ ഉയർന്ന പ്രതിഷേധങ്ങൾ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സന്ദർശനം.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രാദേശിക നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, പാർട്ടിയിൽ ഭിന്നതകളില്ലെന്നും നെടുമങ്ങാട്ടെ ലാൻഡിംഗ് 'സേഫ്' ആണെന്നും മീനാങ്കൽ കുമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും വിജയസാധ്യത ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധ സ്വരങ്ങള്‍ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പോടെ സിപിഐ അവസാനിക്കുമെന്നും താൻ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുവെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു. എംഎൽഎമാര്‍ ബിജെപിയിൽ വരെ പോയി. അഴിമതിക്കെതിരായാണ് തന്‍റെ പോരാട്ടം. സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിൽ അടൂര്‍ പ്രകാശ് മാത്രമല്ല. ആരും സീറ്റ് വാങ്ങി തന്നതല്ല. കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയാണ് തീരുമാനിച്ചതെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു. സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗണ്‍സിൽ അംഗമായിരുന്ന മീനാങ്കൽ കുമാറിനെ കഴിഞ്ഞ ഒക്ടോബറിലാണ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തന്നെ പരിഗണിക്കാത്തതിൽ മീനാങ്കൽ കുമാർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചാണ് മീനാങ്കൽ കുമാര്‍ സിപിഐയിൽ നിന്ന് പുറത്തുവരുന്നത്. ഇതിനുപിന്നാലെയാണിപ്പോള്‍ കോണ്‍ഗ്രസിൽ ചേര്‍ന്ന മീനാങ്കൽ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348708/congress-is-united-meenangal-kumar)