---
title: "ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ; ആഗോള വിപണിയിൽ ആശങ്ക"
english_title: "Iran to impose toll on ships in Strait of Hormuz; global markets worried"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348685/iran-to-impose-toll-on-ships-in-strait-of-hormuz-global-markets-worried"
published_at: "2026-03-19T22:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc2c4e170b7_16.jpg"
keywords: []
---

# ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ; ആഗോള വിപണിയിൽ ആശങ്ക

> **Lead Summary:** ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം തുടങ്ങുന്നു. ഇന്ധനക്കൈമാറ്റം, ചരക്കുനീക്കം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലാണെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

## Article Content

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം തുടങ്ങുന്നു. ഇന്ധനക്കൈമാറ്റം, ചരക്കുനീക്കം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലാണെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

നിലവിൽ അമേരിക്കയും ഇസ്രായേലുമായി നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ നീക്കം. തങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ നിയന്ത്രണം കടുപ്പിക്കുമെന്നും യുദ്ധാനന്തരം പുതിയ നിയമങ്ങൾ നിലവിൽ വരുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. ഫെബ്രുവരി മുതൽ മേഖലയിൽ വ്യാപാരക്കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്.

സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണക്കയറ്റുമതിയുടെ പ്രധാന കവാടമാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഏർപ്പെടുത്തുന്ന ഏത് നിയന്ത്രണവും ആഗോള വിപണിയെയും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഊർജ വിതരണത്തെയും സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348685/iran-to-impose-toll-on-ships-in-strait-of-hormuz-global-markets-worried)