---
title: " 'ജഡ്ജി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്'; വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി"
english_title: "Walayar mob lynching case High Court cancels bail of eight accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348661/walayar-mob-lynching-case-high-court-cancels-bail-of-eight-accused"
published_at: "2026-03-19T18:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbf92f5408b_highcourt.jpg"
keywords: []
---

#  'ജഡ്ജി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്'; വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

> **Lead Summary:** കൊച്ചി: വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിലുള്ള 8 പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി അറിയിച്ചു.

## Article Content

കൊച്ചി: വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിലുള്ള 8 പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി അറിയിച്ചു.

പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ച വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും ജഡ്ജി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും ഹൈക്കോടതി പറഞ്ഞു.

ഡിസംബർ 17ന് വൈകിട്ടാണ് വാളയാര്‍ അട്ടപ്പള്ളം മതാളികാട് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ അതിക്രൂരമായി നാട്ടുകാര്‍ തല്ലിക്കൊന്നത്. കള്ളന്‍ എന്നാരോപിച്ചായിരുന്നു ആള്‍കൂട്ട മര്‍ദനം. സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒരു കൂട്ടം യുവാക്കൾ ആൾക്കൂട്ട വിചാരണ നടത്തി. ക്രൂരമായി മർദനമേറ്റ യുവാവ് റോഡിൽ ചോര വാർന്നു കിടന്നത് കണ്ട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

പാലക്കാട് കിന്‍ഫ്രയില്‍ ജോലി തേടി എത്തിയ രാംനാരായണ്‍ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയാണ് രാംനാരായണന്‍ നേരിട്ടത്. പിന്നാലെ പ്രതികള്‍ വടി ഉപയോഗിച്ച് റാം നാരായണിന്റെ മുതുകിലും തലയ്ക്കും അടിച്ചു. മുഖത്തും വയറിനും മര്‍ദനമേറ്റു. വാരിയെല്ല് ഒടിഞ്ഞതും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348661/walayar-mob-lynching-case-high-court-cancels-bail-of-eight-accused)