---
title: "കുറ്റവാളിയെ പിടിച്ച വാർത്തയുമായെത്തിയ എസ്പിക്ക് നേരെ ബോഡി ഷേമിംഗ്; കമന്റ് ബോക്സ് പൂട്ടി യുപി പൊലീസ്"
english_title: "Body shaming against SP; UP Police closes comment box"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348645/body-shaming-against-sp-up-police-closes-comment-box"
published_at: "2026-03-19T16:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbdb17beb90_UP_Police_closes_comment_box.jpg"
keywords: []
---

# കുറ്റവാളിയെ പിടിച്ച വാർത്തയുമായെത്തിയ എസ്പിക്ക് നേരെ ബോഡി ഷേമിംഗ്; കമന്റ് ബോക്സ് പൂട്ടി യുപി പൊലീസ്

> **Lead Summary:** മിർസപൂർ: ഔദ്യോഗിക കൃത്യനിർവഹണത്തെക്കുറിച്ച് വിശദീകരണം നൽകിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ബോഡി ഷേമിംഗും അധിക്ഷേപവും. ഉത്തർ പ്രദേശിലെ മിർസാപൂർ പൊലീസ് സൂപ്രണ്ട് അപർണ രജത് കൗഷിക് ഐപിഎസിനാണ് ദുരനുഭവം ഉണ്ടായത്. അധിക്ഷേപം പരിധി ലംഘിച്ചതോടെ മിർസാപൂർ പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ കമന്റ് ബോക്സ് പൂട്ടി.

## Article Content

മിർസപൂർ: ഔദ്യോഗിക കൃത്യനിർവഹണത്തെക്കുറിച്ച് വിശദീകരണം നൽകിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ബോഡി ഷേമിംഗും അധിക്ഷേപവും. ഉത്തർ പ്രദേശിലെ മിർസാപൂർ പൊലീസ് സൂപ്രണ്ട് അപർണ രജത് കൗഷിക് ഐപിഎസിനാണ് ദുരനുഭവം ഉണ്ടായത്. അധിക്ഷേപം പരിധി ലംഘിച്ചതോടെ മിർസാപൂർ പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ കമന്റ് ബോക്സ് പൂട്ടി.

ഏറെക്കാലമായി പൊലീസിനെ കബളിപ്പിച്ചു നടന്ന ഒരു കുറ്റവാളിയെ പിടികൂടിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെക്കാനാണ് അപർണ രജത് കൗഷിക് വീഡിയോയുമായി എത്തിയത്. എന്നാൽ ഉദ്യോഗസ്ഥയുടെ മികച്ച പ്രവർത്തനത്തെ അഭിനന്ദിക്കുന്നതിന് പകരം അവരുടെ ശരീരപ്രകൃതിയെ പരിഹസിച്ചും അശ്ലീല ചുവയോടെയുമാണ് വലിയൊരു വിഭാഗം ആളുകൾ പ്രതികരിച്ചത്. പൊതുസേവന രംഗത്തുള്ള വനിതകൾ നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയെങ്കിലും അധിക്ഷേപം തുടർന്ന സാഹചര്യത്തിലാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്.

വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്. കമന്റ് ബോക്സ് അടച്ച പൊലീസ് നടപടിക്ക് നേരെയും വിമർശനം ശക്തമാണ്. അശ്ലീല പരാമർശം നടത്തിയവരെ പിടികൂടുന്നതിന് പകരം കമന്റ് ബോക്സ് അടയ്ക്കുന്നതാണോ പൊലീസിന്റെ കൃത്യനിർവ്വഹണമെന്നാണ് ഉയരുന്ന വിമർശനം. സൈബർ ബൂള്ളിയിംഗിനെതിരെ വലിയ രീതിയിലുള്ള ചർച്ചയുയരാൻ സംഭവം കാരണമായിട്ടുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഇത്തരം അധിക്ഷേപം നേരിടുമ്പോൾ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്നാണ് നിരവധി ആളുകൾ ചോദിക്കുന്നത്.

2018ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് അപർണ. നിലവിൽ മിർസാപൂരിലെ പൊലീസ് സൂപ്രണ്ടാണ് അപർണ. ഗുരഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അപർണ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നത്. വർഷത്തിൽ 18 ലക്ഷം രൂപയോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അപർണ ജനസേവനത്തിന് ഇറങ്ങിയത്. മുൻപ് അമേഥിയുടെ പൊലീസ് സൂപ്രണ്ടായിരുന്ന അപർണ കാസാഗഞ്ച്, ഔറേയ്യ എന്നിവിടങ്ങളിൽ നിരവധി പൊലീസ് നടപടികളുടെ ഭാഗമായിട്ടുണ്ട്. ലക്നൌവ്വിലെ ഡെപ്യൂട്ടി കമ്മീഷണർ ചുമതലയും അപർണ നിർവ്വഹിച്ചിട്ടുണ്ട്. എൻഐടി അലഹബാദിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കിയ ശേഷമാണ് അപർണ സിവിൽ സർവീസിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348645/body-shaming-against-sp-up-police-closes-comment-box)