---
title: "'കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല'; കെ സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം - അടൂർ പ്രകാശ്"
english_title: "If KSudhakaran has a seat, I too want it - AdoorPrakash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348574/if-ksudhakaran-has-a-seat-i-too-want-it-adoorprakash-NEW"
published_at: "2026-03-19T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bba3ec4c133_CONGRESS.jpg"
keywords: []
---

# 'കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല'; കെ സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം - അടൂർ പ്രകാശ്

> **Lead Summary:** **തിരുവനന്തപുരം: **നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കിക്കൊണ്ട് അടൂർ പ്രകാശ് എം പി ഹൈക്കമാൻഡിനെ തന്റെ നിലപാട് അറിയിച്ചു. കെ സുധാകരൻ മത്സരരംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കിക്കൊണ്ട് അടൂർ പ്രകാശ് എം പി ഹൈക്കമാൻഡിനെ തന്റെ നിലപാട് അറിയിച്ചു. കെ സുധാകരൻ മത്സരരംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

സുധാകരൻ മത്സരത്തിന് അർഹനാണെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്ന കർശന മുന്നറിയിപ്പും കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടുണ്ട്.

തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കമാൻഡിന് അദ്ദേഹം നേരിട്ട് സന്ദേശം അയക്കുകയും ചെയ്തു.അതിനിടെ കോന്നിയിൽ സീറ്റിലെന്ന് വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് അടൂർ പ്രകാശ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. കോന്നി സീറ്റിൽ അവകാശവാദം അടൂർ പ്രകാശ് ശക്തമാക്കിയതോടെ വരും മണിക്കൂറുകളിൽ കോൺഗ്രസിലെ സീറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

**അടൂർ പ്രകാശ് പങ്കുവെച്ചിരുന്നു പോസ്റ്റ്**

*പ്രിയപ്പെട്ട എന്റെ സഹപ്രവർത്തകരേ… 1996 മുതൽ 2019 വരെ കോന്നിയിലെ ജനങ്ങൾ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തിൽ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്.*

> *കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. പാർട്ടി നിർദ്ദേശപ്രകാരം കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ “കോട്ട” ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലേക്ക് പോയത്.*

*ആറ്റിങ്ങലിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും എന്നെ അതിയായ സ്നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ചു പാർലമെന്റിലേക്ക് അയച്ചു. ആ സ്നേഹത്തിനും വിശ്വാസത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348574/if-ksudhakaran-has-a-seat-i-too-want-it-adoorprakash-NEW)