---
title: "പിതാവിനെ ചാക്കിലാക്കി കൊറിയർ അയക്കാൻ മകളുടെ ശ്രമം; ബെംഗളൂരുവിൽ യുവതിയും കുടുംബവും പിടിയിൽ"
english_title: "Daughter tries to send a courier with her father in a sack; Woman and family arrested in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348531/daughter-tries-to-send-a-courier-with-her-father-in-a-sack-woman-and-family-arrested-in-bengaluru"
published_at: "2026-03-19T10:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb7ec8f18a5_Woman_and_family_arrested_in_Bengaluru.jpg"
keywords: []
---

# പിതാവിനെ ചാക്കിലാക്കി കൊറിയർ അയക്കാൻ മകളുടെ ശ്രമം; ബെംഗളൂരുവിൽ യുവതിയും കുടുംബവും പിടിയിൽ

> **Lead Summary:** ബെംഗളൂരു : സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബെംഗളൂരുവിലെ ഒരു കൊറിയർ സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

ബെംഗളൂരു : സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബെംഗളൂരുവിലെ ഒരു കൊറിയർ സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പിതാവിനെ കൊറിയർ അയക്കാനായി യുവതിക്കൊപ്പം ഭർത്താവും ഭർത്താവിന്റെ മാതാവും സഹോദരനും അടങ്ങുന്ന സംഘമാണ് സ്ഥാപനത്തിലെത്തിയത്. വലിയൊരു പാക്കേജുമായി എത്തിയ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ, പാഴ്സലിനുള്ളിൽ എന്താണെന്ന് തിരക്കിയതോടെയാണ് യുവതിയുടെ പദ്ധതി പാളിയത്.

ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.

എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീൽ പൊലീസ് പോസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പൊലീസ് ഇവരെ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348531/daughter-tries-to-send-a-courier-with-her-father-in-a-sack-woman-and-family-arrested-in-bengaluru)