---
title: "ധർമ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും"
english_title: "Assembly elections PinarayiVijayan; Will file nomination papers today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348509/assembly-elections-pinarayivijayan-will-file-nomination-papers-today"
published_at: "2026-03-19T07:22:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb573242e23_CM.jpg"
keywords: []
---

# ധർമ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

> **Lead Summary:** **കണ്ണൂർ: **ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം.

## Article Content

**കണ്ണൂർ: **ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം.

ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. മണ്ഡലത്തിൽ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കൺവെൻഷനും മുഖ്യമന്ത്രി പൂർത്തീകരിച്ചിരുന്നു.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ ഇപ്പോള്‍ പ്രതിനീധികരിക്കുന്ന താനൂരിൽനിന്ന് മത്സരിക്കുന്നതിനോട് താല്പര്യമില്ലാത്ത മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ നേരിൽ കാണാനാണ് വി അബ്ദുറഹിമാന് പാർട്ടി നൽകിയ നിർദേശം.

മലപ്പുറത്തുവെച്ചായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. താനൂരിൽ തന്നെ മത്സരിക്കണമെന്ന ആവശ്യം വി അബ്ദുറഹിമാനോട് മുഖ്യമന്ത്രി മുന്നോട്ടുവെക്കും. താനൂരിൽ തന്നെ വി അബ്ദുറഹിമാൻ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

താനൂരിൽനിന്ന് മാറി തിരൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് താല്പര്യമെന്ന് വി അബ്ദുറഹിമാൻ പാർട്ടിയെ അറിയിച്ചിരുന്നു. മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിന് വി അബ്ദുറഹിമാൻ മണ്ഡലത്തിൽ എത്തിയിരുന്നില്ല. ആരോഗ്യകാരണങ്ങളാലാണ് പ്രചാരണം തുടങ്ങാത്തത് എന്നായിരുന്നു സിപിഐഎമ്മിന്റെ വിശദീകരണം.

താനൂരിൽ ഇത്തവണ മത്സരിക്കാനില്ലെന്നും തിരൂരിൽ മത്സരിക്കാനുളള താൽപ്പര്യവും അബ്ദുറഹിമാൻ പാർട്ടി ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തന്റെ അനുവാദം ഇല്ലാതെ താനൂരിൽ സ്ഥാനാർത്ഥിയാക്കി സിപിഐഎം പ്രഖ്യാപിച്ചെന്നും പാർട്ടി തന്നെ കേട്ടില്ലെന്നുമായിരുന്നു അബ്ദുറഹിമാന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348509/assembly-elections-pinarayivijayan-will-file-nomination-papers-today)