---
title: "അസമിൽ കോൺഗ്രസ് എംപി ബിജെപിയിൽ"
english_title: "Congress MP in Assam joins BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348465/congress-mp-in-assam-joins-bjp-NEW"
published_at: "2026-03-18T19:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69baabd2a7b1e_BJP.jpg"
keywords: []
---

# അസമിൽ കോൺഗ്രസ് എംപി ബിജെപിയിൽ

> **Lead Summary:** **ഗുവാഹത്തി : ** അസമിലെ നഗാവിൽ നിന്നുള്ള ലോക്‌സഭ എംപി പ്രദ്യുത് ബോര്‍ഡോലോയ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് 24 മണിക്കൂറിനുള്ളിലാണ് പ്രദ്യുത് ബിജെപിയിൽ ചേർന്നത്.

## Article Content

**ഗുവാഹത്തി : ** അസമിലെ നഗാവിൽ നിന്നുള്ള ലോക്‌സഭ എംപി പ്രദ്യുത് ബോര്‍ഡോലോയ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് 24 മണിക്കൂറിനുള്ളിലാണ് പ്രദ്യുത് ബിജെപിയിൽ ചേർന്നത്.

അസമിൽ അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം പാർട്ടി വിട്ടത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ന്യൂഡൽഹിയിലെ വസതിയിൽ നടന്ന ചടങ്ങിലാണ് ബോര്‍ഡോലോയ് ബിജെപിയുടെ ഭാഗമായത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ, വിദേശകാര്യസഹമന്ത്രി പബിത്ര മാർഗരീറ്റ, മറ്റ് ബിജെപി നേതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുത്തു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ശശി തരൂർ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ആത്മാഭിമാനമുള്ള ആർക്കും കോൺഗ്രസിൽ ഇന്ന് തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 1975ൽ കോൺഗ്രസിൽ ചേർന്ന വ്യക്തിയാണ് പ്രദ്യുത്. അദ്ദേഹത്തെ തങ്ങൾ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ ബുധനാഴ്ച നിശ്ചയിക്കും. ബോര്‍ഡോലോയ്ക്കും സീറ്റുണ്ടാകും. അദ്ദേഹത്തിൻ്റെ ജയം ഉറപ്പാക്കുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നിന്ന് പുറത്തുവരിക എന്നത് തന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് പ്രദ്യുതും പറഞ്ഞു. പതിനാറാം വയസിൽ പാർട്ടിയുടെ ഭാഗമായതാണ്. തന്റെ ജീവിതം ഇത്തരത്തിൽ മാറിമറിയാൻ കാരണമായത് പാർട്ടിയാണ്.

എന്നാൽ കുറച്ചു വർഷങ്ങളായി പാർട്ടിയിൽ നിന്ന് നേരിട്ടത് കടുത്ത അപമാനമാണ്. അരികുവത്ക്കരിക്കപ്പെടുകയും ചെയ്തു. അസമിലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നത്. പുതിയ സഹപ്രവർത്തകർക്കൊപ്പം അസമിൽ ഒരുമിച്ച് എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കുമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രദ്യുത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348465/congress-mp-in-assam-joins-bjp-NEW)