---
title: "വാക്സിൻ എടുത്തിട്ടും വിട്ടുമാറാത്ത മരണം: തെരുവുനായ കടിച്ചത് 15 മാസം മുൻപ്, ചികിത്സയ്ക്കും 50 ലക്ഷം രൂപയ്ക്കും ആ ജീവൻ രക്ഷിക്കാനായില്ല!"
english_title: "A stray dog ​​bit him 15 months ago, and even Rs 50 lakh for treatment could not save his life."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348422/a-stray-dog-bit-him-15-months-ago-and-even-rs-50-lakh-for-treatment-could-not-save-his-life"
published_at: "2026-03-18T15:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba7165e02ea_18.jpg"
keywords: []
---

# വാക്സിൻ എടുത്തിട്ടും വിട്ടുമാറാത്ത മരണം: തെരുവുനായ കടിച്ചത് 15 മാസം മുൻപ്, ചികിത്സയ്ക്കും 50 ലക്ഷം രൂപയ്ക്കും ആ ജീവൻ രക്ഷിക്കാനായില്ല!

> **Lead Summary:** **ജഗ്തിയാൽ: [ **തെലങ്കാനയിലെ ജഗ്തിയാലിൽ തെരുവുനായയുടെ ആക്രമണത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടു വയസുകാരൻ ഒന്നര വർഷത്തോളമുള്ള പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി.

## Article Content

**ജഗ്തിയാൽ: [ **തെലങ്കാനയിലെ ജഗ്തിയാലിൽ തെരുവുനായയുടെ ആക്രമണത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടു വയസുകാരൻ ഒന്നര വർഷത്തോളമുള്ള പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി.

വെൽഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല സ്വദേശിയായ മഞ്ചികട്ട്ല മണിതേജ എന്ന ബാലനാണ് ദാരുണമായി മരണപ്പെട്ടത്. 2024 ഡിസംബറിൽ വീടിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് മണിതേജയെ നായ ആക്രമിച്ചത്.

കുട്ടിയുടെ കഴുത്തിലും തോളിലും മാരകമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ വാക്സിനുകൾ കൃത്യമായി നൽകുകയും ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയായിരുന്നു.

സംക്രാന്തി അവധി ആഘോഷിക്കുന്നതിനിടയിലാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. ആദ്യം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ 15 മാസമായി നീണ്ടുനിന്ന ചികിത്സയ്ക്കായി ഏകദേശം 50 ലക്ഷം രൂപയോളം കുടുംബം ചിലവാക്കിയെങ്കിലും തിങ്കളാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദീർഘകാലം നീണ്ടുനിന്ന വേദനകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ ആ കുരുന്നിന് വിട പറയേണ്ടി വന്നത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348422/a-stray-dog-bit-him-15-months-ago-and-even-rs-50-lakh-for-treatment-could-not-save-his-life)