---
title: "കുട്ടനാട് കോൺഗ്രസിൽ വിള്ളൽ; സജി ജോസഫ് വിമതനായി മത്സരിക്കും, നേതാക്കളുടെ കൂട്ടരാജി"
english_title: "Crack in Kuttanad Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348403/crack-in-kuttanad-congress"
published_at: "2026-03-18T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba62a7d7722_14.jpg"
keywords: []
---

# കുട്ടനാട് കോൺഗ്രസിൽ വിള്ളൽ; സജി ജോസഫ് വിമതനായി മത്സരിക്കും, നേതാക്കളുടെ കൂട്ടരാജി

> **Lead Summary:** **ആലപ്പുഴ:[ **സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് നിർണ്ണയത്തിലെ അതൃപ്തിയെത്തുടർന്ന് ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ നിന്നും കൂട്ടത്തോടെ രാജിവെച്ചു.

## Article Content

**ആലപ്പുഴ:[ **സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് നിർണ്ണയത്തിലെ അതൃപ്തിയെത്തുടർന്ന് ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ നിന്നും കൂട്ടത്തോടെ രാജിവെച്ചു.

ഇതിനു പിന്നാലെ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുകയാണ്. ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ പ്രമുഖ നേതാക്കൾ തങ്ങളുടെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് കൈമാറി കഴിഞ്ഞു.

കുട്ടനാട്ടുകാരനായ ഒരാളെത്തന്നെ സ്ഥാനാർത്ഥിയാക്കുമെന്നും പേയ്‌മെന്റ് സീറ്റുകൾ ഉണ്ടാവില്ലെന്നും പാർട്ടി നേതൃത്വം നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. കുട്ടനാടിനെ വിൽപ്പനച്ചരക്കാക്കാൻ അനുവദിക്കില്ലെന്നും അർഹമായ പരിഗണന നൽകാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും വാർത്താസമ്മേളനത്തിൽ സജി ജോസഫ് വ്യക്തമാക്കി.

ഏറെ വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും രണ്ട് മുന്നണികളും പണക്കൊഴുപ്പിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് സാമ്പത്തിക ശക്തികൾക്കെതിരെ കുട്ടനാട്ടിലെ ജനങ്ങളുടെ സ്ഥാനാർത്ഥിയായാണ് താൻ ജനവിധി തേടുന്നതെന്ന് സജി ജോസഫ് പറഞ്ഞു.

നാളെ പുതുപ്പള്ളിയിൽ എത്തി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഔദ്യോഗികമായി പ്രചാരണ പരിപാടികളിലേക്ക് കടക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. വിമത നീക്കം ശക്തമായതോടെ കുട്ടനാട് മണ്ഡലത്തിൽ കോൺഗ്രസ് ഔദ്യോഗിക നേതൃത്വം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348403/crack-in-kuttanad-congress)