---
title: "മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല, നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങി?"
english_title: "K Sudhakaran set to contest in Assembly election 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348357/k-sudhakaran-set-to-contest-in-assembly-election-2026"
published_at: "2026-03-18T11:32:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba40413bbc5_k_sudhakaran.jpg"
keywords: []
---

# മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല, നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങി?

> **Lead Summary:** ദില്ലി: അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.

## Article Content

ദില്ലി: അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.

കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ‌ ഇതുവരെ കെ സുധാകരൻ തയാറായിട്ടില്ല. എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദേഹത്തെ ഫ്ലാറ്റിൽ‌ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളിൽ‌ നിന്ന് ശ്രമം നടത്തുമ്പോഴും കെ സുധാകരൻ വഴങ്ങാൻ തയാറായിട്ടില്ല. എംപിമാർ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. കഴിഞ്ഞദിവസം ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയാകുമോ, സ്വതന്ത്ര സ്ഥാനാർഥിയാകുമോ എന്നതിലാണ് ഉദ്വേഗം നിലനിൽക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം അക്കാര്യത്തിൽ തീരുമാനമായേക്കും. എഐസിസി പുറത്തിറക്കുന്ന പട്ടികയിൽ കെ. സുധാകരൻ്റെ പേര് ഇല്ലെങ്കിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും. മണ്ഡലത്തിൽ ചെറു ഗ്രൂപ്പുകളായി യോഗങ്ങൾ വിളിക്കാനും സുധാകരൻ നിർദേശിച്ചിട്ടുണ്ട്.

കണ്ണൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ. സുധാകരൻ കടുത്ത പ്രതിഷേധത്തിലേക്ക് ഒരുങ്ങുന്നതായാണ് സൂചന. ഇന്ന് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ തുറന്നു പറയാനാണ് നീക്കം. സുധാകരന്റെ പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തെ അനുനയിപ്പിക്കാൻ വീണ്ടും രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരുന്നു.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348357/k-sudhakaran-set-to-contest-in-assembly-election-2026)