---
title: "ജർമനിയും ബ്രിട്ടനും കൈവിട്ടു; ഹോർമൂസിൽ 'ബങ്കർ ബസ്റ്ററുമായി' ട്രംപിന്റെ ഏകാംഗ പോരാട്ടം"
english_title: "Trump's one-sided battle with 'bunker buster' in Hormuz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348320/trumps-one-sided-battle-with-bunker-buster-in-hormuz"
published_at: "2026-03-18T09:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba22b23f3c1_1.jpg"
keywords: []
---

# ജർമനിയും ബ്രിട്ടനും കൈവിട്ടു; ഹോർമൂസിൽ 'ബങ്കർ ബസ്റ്ററുമായി' ട്രംപിന്റെ ഏകാംഗ പോരാട്ടം

> **Lead Summary:** **വാഷിംഗ്ടൺ:[ **പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കെ, ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കടുത്ത ആക്രമണവുമായി മുന്നോട്ട് പോകുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

## Article Content

**വാഷിംഗ്ടൺ:[ **പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കെ, ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കടുത്ത ആക്രമണവുമായി മുന്നോട്ട് പോകുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഹോർമൂസ് ജലപാത തുറക്കാനായി യുദ്ധക്കപ്പലുകൾ അയക്കണമെന്ന ട്രംപിന്റെ ആഹ്വാനത്തെ സഖ്യകക്ഷികളായ ജർമനിയും ബ്രിട്ടനും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ പരസ്യമായി തള്ളിയതോടെ അമേരിക്ക അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

സഖ്യകക്ഷികൾ സഹകരിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി അപകടത്തിലാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ജർമനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നിലപാടെടുത്തത്. തങ്ങളോട് ആലോചിക്കാതെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതെന്ന് ജർമനി തുറന്നടിച്ചപ്പോൾ, ഹോർമൂസിലേക്ക് യുദ്ധക്കപ്പലുകൾ അയക്കുന്നത് സംഘർഷം കൂടുതൽ വ്യാപിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമെർ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ തന്നെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ ഉപയോഗിച്ച് ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക കടുത്ത ആക്രമണം അഴിച്ചുവിടുന്നത്. ലോകത്തിലെ ക്രൂഡോയിൽ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നീക്കം.

ലോകം തന്റെ പ്രവൃത്തികളെ വിലമതിക്കുന്നില്ലെങ്കിലും ആഗോള നന്മയ്ക്ക് വേണ്ടിയാണ് താൻ ഈ യുദ്ധം നയിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. നാറ്റോ സഖ്യത്തിന് വലിയ രീതിയിലുള്ള സഹായങ്ങൾ നൽകിയിട്ടും തിരിച്ച് തങ്ങൾക്ക് അർഹമായ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും യുഎസ് ഉയർത്തുന്നുണ്ട്.

ഇറാന്റെ ആണവായുധ നിർമ്മാണത്തെ തടയുന്നത് സഖ്യകക്ഷികളുടെ കൂടി സുരക്ഷ മുൻനിർത്തിയാണെന്നും, പ്രതികൂല സാഹചര്യങ്ങളിലും ഹോർമൂസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348320/trumps-one-sided-battle-with-bunker-buster-in-hormuz)