---
title: "പശ്ചിമേഷ്യൻ യുദ്ധം നീളുകയാണെങ്കിൽ 4.5 കോടി പേർ കൂടി പട്ടിണിയിലാകുമെന്ന് യുഎൻ"
english_title: "UN warns that 45 million more people could starve if the Middle East war continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348295/un-warns-that-45-million-more-people-could-starve-if-the-middle-east-war-continues"
published_at: "2026-03-17T22:20:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b986c005bae_16.jpg"
keywords: []
---

# പശ്ചിമേഷ്യൻ യുദ്ധം നീളുകയാണെങ്കിൽ 4.5 കോടി പേർ കൂടി പട്ടിണിയിലാകുമെന്ന് യുഎൻ

> **Lead Summary:** പശ്ചിമേഷ്യയിലെ യുദ്ധം വരും മാസങ്ങളിലേക്ക് കൂടി നീളുകയാണെങ്കിൽ ലോകമെമ്പാടും അഞ്ച് കോടിയോളം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ.

## Article Content

പശ്ചിമേഷ്യയിലെ യുദ്ധം വരും മാസങ്ങളിലേക്ക് കൂടി നീളുകയാണെങ്കിൽ ലോകമെമ്പാടും അഞ്ച് കോടിയോളം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ.

യുദ്ധം മൂലമുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റവും ആഗോള ഭക്ഷ്യവിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങളും സ്ഥിതി വഷളാക്കുമെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കൗ മുന്നറിയിപ്പ് നൽകി. ലോകരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ സൈനിക ആവശ്യങ്ങൾക്കായി വകമാറ്റുന്നത് പട്ടിണി നിർമ്മാർജ്ജന പദ്ധതികളെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധം ആരംഭിച്ച ശേഷം കടൽ വഴിയുള്ള ചരക്കുനീക്കത്തിന് 18 ശതമാനം അധികച്ചെലവ് നേരിടേണ്ടി വരുന്നുണ്ട്. ഇത് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാന വഴികൾ അടയാൻ കാരണമായി. ഗസ്സയിലെയും സുഡാനിലെയും സ്ഥിതി നിലവിൽ ഭയാനകമാണ്.

ഗസ്സയിലേക്ക് പ്രതിദിനം ചുരുങ്ങിയത് 600 ട്രക്കുകൾ സഹായം എത്തിക്കേണ്ട സ്ഥാനത്ത് കേവലം 200 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവേശിക്കുന്നത്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന റഫ അതിർത്തി ഭാഗികമായി തുറന്നെങ്കിലും സഹായവിതരണം ഇപ്പോഴും സുഗമമല്ല.

ആഭ്യന്തര യുദ്ധം തകർത്ത സുഡാനിലും പട്ടിണി പാരമ്യത്തിലാണ്. രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങൾ (ഏകദേശം 2.1 കോടി) കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു. സൈന്യവും പാരാമിലിട്ടറി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലം ദുരിതാശ്വാസ പ്രവർത്തകർക്ക് പലയിടങ്ങളിലും എത്താൻ കഴിയുന്നില്ല. അടിയന്തരമായി ഫണ്ട് ലഭ്യമാക്കിയില്ലെങ്കിൽ സുഡാനിലേക്കുള്ള സഹായങ്ങൾ വരും മാസങ്ങളിൽ പൂർണ്ണമായും നിലയ്ക്കുമെന്നും യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348295/un-warns-that-45-million-more-people-could-starve-if-the-middle-east-war-continues)