---
title: "മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം സംരക്ഷിക്കാം; യുവതിക്ക് അനുമതി നൽകി ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ"
english_title: "Brain-dead husband's sperm can be preserved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348146/brain-dead-husbands-sperm-can-be-preserved"
published_at: "2026-03-17T09:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8d7560a4f6_7.jpg"
keywords: []
---

# മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം സംരക്ഷിക്കാം; യുവതിക്ക് അനുമതി നൽകി ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ

> **Lead Summary:** **കൊച്ചി: [ **മസ്തിഷ്ക മരണം സംഭവിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ചു സംരക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

## Article Content

**കൊച്ചി: [ **മസ്തിഷ്ക മരണം സംഭവിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ചു സംരക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കണ്ണൂർ സ്വദേശിനിയായ യുവതി നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ചിക്കൻപോക്സിനെ തുടർന്നുണ്ടായ ശാരീരിക ആഘാതങ്ങൾ മൂലം മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ പിതൃത്വം നിലനിർത്തണമെന്ന യുവതിയുടെ വൈകാരികമായ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

നിലവിലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ART) നിയമപ്രകാരം ബീജശേഖരണത്തിന് ഭർത്താവിന്റെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ച സാഹചര്യത്തിൽ ഇത് അസാധ്യമാണെന്നും നടപടി വൈകിയാൽ അമ്മയാകാനുള്ള തന്റെ അവകാശം നഷ്ടപ്പെടുമെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.

ഈ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ബീജം ശേഖരിക്കാനും അത് സുരക്ഷിതമായി ശീതീകരിച്ചു സൂക്ഷിക്കാനും കോടതി അനുമതി നൽകിയത്. ശേഖരിച്ച ബീജം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിനുള്ള (ART) അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി കോടതിയുടെ പ്രത്യേക അനുമതി വീണ്ടും വാങ്ങണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് ഏപ്രിൽ ഏഴിന് കോടതി വീണ്ടും പരിഗണിക്കും. അത്യപൂർവ്വമായ ഈ നിയമനടപടി സമാനമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348146/brain-dead-husbands-sperm-can-be-preserved)