---
title: "രോഹിത്തിന്റെ കിരീടം ഗില്ലിന്റെ പേരിൽ! ബിസിസിഐ അവാർഡ് വേദിയിലെ 'ബ്ലണ്ടറിൽ' കനത്ത പ്രതിഷേധം"
english_title: "Massive protest over 'blunder' at BCCI awards ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348144/massive-protest-over-blunder-at-bcci-awards-ceremony"
published_at: "2026-03-17T09:48:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8d62c6303d_6.jpg"
keywords: []
---

# രോഹിത്തിന്റെ കിരീടം ഗില്ലിന്റെ പേരിൽ! ബിസിസിഐ അവാർഡ് വേദിയിലെ 'ബ്ലണ്ടറിൽ' കനത്ത പ്രതിഷേധം

> **Lead Summary:** **മുംബൈ: [ **ബിസിസിഐയുടെ വാർഷിക പുരസ്കാര ചടങ്ങായ 'നമൻ' അവാർഡ്‌സ് വേദിയിൽ നായകൻ രോഹിത് ശർമ്മയുടെ ചരിത്രനേട്ടം ശുഭ്‌മാൻ ഗില്ലിന്റെ പേരിൽ രേഖപ്പെടുത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

## Article Content

**മുംബൈ: [ **ബിസിസിഐയുടെ വാർഷിക പുരസ്കാര ചടങ്ങായ 'നമൻ' അവാർഡ്‌സ് വേദിയിൽ നായകൻ രോഹിത് ശർമ്മയുടെ ചരിത്രനേട്ടം ശുഭ്‌മാൻ ഗില്ലിന്റെ പേരിൽ രേഖപ്പെടുത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

2025-ലെ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ ഉയർത്തിയപ്പോൾ ടീമിനെ നയിച്ചത് രോഹിത് ശർമ്മയായിരുന്നു. എന്നാൽ, മികച്ച താരത്തിനുള്ള പോളി ഉമ്രിഗർ പുരസ്കാരം ഏറ്റുവാങ്ങാൻ ഗിൽ വേദിയിലെത്തിയപ്പോൾ, പിന്നിലെ സ്‌ക്രീനിൽ തെളിഞ്ഞ ഗ്രാഫിക്സിൽ ചാമ്പ്യൻസ് ട്രോഫി നേടിയ നായകൻ എന്ന് ഗില്ലിനെ വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 700-ലധികം റൺസ് അടിച്ചുകൂട്ടിയ തകർപ്പൻ പ്രകടനമാണ് ഗില്ലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം 2027 ലോകകപ്പ് ലക്ഷ്യമിട്ട് രോഹിത്തിനെ മാറ്റി ഗില്ലിനെ ഏകദിന നായകനാക്കി ബിസിസിഐ നിയമിച്ചിരുന്നു.

ഈ മാറ്റത്തിൽ രോഹിത് ആരാധകർക്കിടയിൽ നിലനിന്നിരുന്ന അതൃപ്തി, അവാർഡ് വേദിയിലെ പുതിയ പിഴവോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമായി മാറിയിരിക്കുകയാണ്. ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായ ഈ സാങ്കേതിക പിഴവ് രോഹിത്തിനോടുള്ള അനാദരവാണെന്നാണ് ആരാധകരുടെ പക്ഷം.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡ്, മിതാലി രാജ്, റോജർ ബിന്നി എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ച ചടങ്ങിൽ വനിതാ വിഭാഗത്തിൽ സ്മൃതി മന്ദാന മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

ലോകകപ്പ് ജേതാക്കളെ ആദരിക്കുകയും ചെയ്ത വർണ്ണാഭമായ ചടങ്ങിൽ പക്ഷെ ഗില്ലിനെ കുറിച്ചുള്ള തെറ്റായ ഗ്രാഫിക്സ് വലിയൊരു ചർച്ചാവിഷയമായി അവശേഷിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348144/massive-protest-over-blunder-at-bcci-awards-ceremony)