---
title: "മനുഷ്യർക്ക് പകരം റോബോർട്ടുകൾ? മെറ്റയിൽ 16,000-ത്തോളം പേർക്ക് ഒരേസമയം ജോലി നഷ്ടമാകും; സക്കർബർഗിന്റെ നീക്കം ലോകത്തെ ഞെട്ടിക്കുന്നു!"
english_title: "About 16,000 people will lose their jobs at Meta at once"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348138/about-16000-people-will-lose-their-jobs-at-meta-at-once"
published_at: "2026-03-17T09:22:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8d0613c2e5_2.jpg"
keywords: []
---

# മനുഷ്യർക്ക് പകരം റോബോർട്ടുകൾ? മെറ്റയിൽ 16,000-ത്തോളം പേർക്ക് ഒരേസമയം ജോലി നഷ്ടമാകും; സക്കർബർഗിന്റെ നീക്കം ലോകത്തെ ഞെട്ടിക്കുന്നു!

> **Lead Summary:** **കാലിഫോര്‍ണിയ: [ **നിർമ്മിത ബുദ്ധി മേഖലയിലെ വൻകിട നിക്ഷേപങ്ങൾക്കായി തയ്യാറെടുക്കുന്ന മെറ്റ, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

## Article Content

**കാലിഫോര്‍ണിയ: [ **നിർമ്മിത ബുദ്ധി മേഖലയിലെ വൻകിട നിക്ഷേപങ്ങൾക്കായി തയ്യാറെടുക്കുന്ന മെറ്റ, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനിയിലെ ആകെയുള്ള 79,000 ജീവനക്കാരിൽ 20 ശതമാനത്തിലധികം പേർക്ക്, അതായത് ഏകദേശം 15,800-ഓളം പേർക്ക് ജോലി നഷ്ടമായേക്കാമെന്നാണ് സൂചന.

എഐ ഇൻഫ്രാസ്ട്രക്ചറിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതും, പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പിരിച്ചുവിടൽ സംബന്ധിച്ച് കൃത്യമായ പദ്ധതികൾ തയ്യാറാക്കാൻ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 2022-23 കാലഘട്ടത്തിലെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലായിരിക്കും ഇതെങ്കിലും, എന്ന് മുതലാണ് ഇത് നടപ്പിലാക്കുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

വരും വർഷങ്ങളിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി മെറ്റ വൻതോതിലുള്ള തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. 2028-ഓടെ ഈ മേഖലയിലെ നിക്ഷേപം 600 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ, ലോകത്തെ മികച്ച എഐ ഗവേഷകരെ ടീമിലെത്തിക്കുന്നതിനായി ഭീമമായ ശമ്പള പാക്കേജുകളാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. സൂപ്പർ ഇന്റലിജൻസ് ടീമിനായി ചിലർക്ക് നാല് വർഷത്തേക്ക് കോടിക്കണക്കിന് ഡോളറാണ് നൽകുന്നത്.

കൂടാതെ, മറ്റ് എഐ കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും ഏറ്റെടുക്കാനും മെറ്റ വൻതുക ചിലവാക്കുന്നുണ്ട്. മോൾട്ട്ബുക്ക്, മനുസ് തുടങ്ങിയ കമ്പനികളെ ഏറ്റെടുത്തതും സ്കെയിൽ എഐയിൽ നടത്തിയ വൻ നിക്ഷേപവും ഇതിന്റെ ഉദാഹരണങ്ങളാണ്.

സ്കെയിൽ എഐ സ്ഥാപകൻ അലക്‌സാണ്ടർ വാങിനെ ചീഫ് എഐ ഓഫീസറായി നിയമിച്ചതും ഈ തന്ത്രപരമായ മാറ്റത്തിന്റെ ഭാഗമായാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348138/about-16000-people-will-lose-their-jobs-at-meta-at-once)