---
title: "'ടി.കെ. ഗോവിന്ദൻ വർഗവഞ്ചകൻ, യുഡിഎഫ് സഹായത്തോടെ സിപിഐഎമ്മിനെ തോൽപ്പിക്കാനാവില്ല' - എം.വി. ജയരാജൻ"
english_title: "Left alliance announces first phase candidate list in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348097/left-alliance-announces-first-phase-candidate-list-in-bengal"
published_at: "2026-03-16T19:48:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b811634023c_MV.jpg"
keywords: []
---

# 'ടി.കെ. ഗോവിന്ദൻ വർഗവഞ്ചകൻ, യുഡിഎഫ് സഹായത്തോടെ സിപിഐഎമ്മിനെ തോൽപ്പിക്കാനാവില്ല' - എം.വി. ജയരാജൻ

> **Lead Summary:** **കണ്ണൂര്‍: ** സിപിഐഎം വിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനാണെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം വി ജയരാജന്‍.

## Article Content

**കണ്ണൂര്‍: ** സിപിഐഎം വിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനാണെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം വി ജയരാജന്‍.

ടി കെ ഗോവിന്ദന്‍മാഷ് വര്‍ഗ വഞ്ചകനായും യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് പറഞ്ഞതോടെ രാഷ്ട്രീയ വഞ്ചകനായും മാറിയെന്ന് എം വി ജയരാജന്‍ പറഞ്ഞു. 60 വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയതെന്ന് തിരിച്ചറിയുമെങ്കില്‍ ഇത്തരമൊരു വര്‍ഗ വഞ്ചനയും രാഷ്ട്രീയ വഞ്ചനയും അദ്ദേഹം കാണിക്കില്ലായിരുന്നുവെന്നും ഇത്തരം ആളുകളെ ജനം തിരിച്ചറിയുകയും അവര്‍ക്കെതിരെ അണിനിരക്കുകയും ചെയ്യുമെന്നും എം വി ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഒരു പങ്കുമില്ല. അത് പാര്‍ട്ടി പൊതുവില്‍ തീരുമാനിച്ചതാണ്. പി കെ ശ്യാമള ടീച്ചര്‍ 40 വര്‍ഷക്കാലമായി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം മുതല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം മട്ടന്നൂര്‍ എന്‍എസ്എസ് കോളേജില്‍ പഠിക്കുകയായിരുന്ന പി കെ ശ്യാമള അന്ന് എസ്എഫ് ഐയുടെ കൊടിക്കീഴില്‍ മത്സരിച്ച് ജയിച്ചിരുന്നു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന് വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന നേതാവായിരുന്നപ്പോള്‍ കോളേജില്‍ സ്വീകരണം നല്‍കിയ, അതിന് നേതൃത്വം കൊടുത്ത പ്രവര്‍ത്തകയാണ്. പി കെ ശ്യാമള ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗവും മട്ടന്നൂര്‍ മഹിളാ അസോസിയേഷന്റെ ഏരിയാ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു.

1985-ല്‍ ഗോവിന്ദന്‍മാഷെ വിവാഹം കഴിച്ച് വന്നതിന് ശേഷം തളിപ്പറമ്പിലെ പൊതുപ്രവര്‍ത്തകയായിരുന്നു. ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായിരിക്കെ നിരവധി അംഗീകാരം നേടിയെടുത്തതില്‍ പ്രധാന പങ്കുവഹിച്ച ആളാണ്. സ്വരാജ് ട്രോഫി അടക്കം നേടി. ഇതെല്ലാം പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ രണ്ട് വനിതകളെ മത്സരിപ്പിക്കണമെന്ന ധാരണയായപ്പോള്‍ പേരാവൂരില്‍ കെ കെ ശൈലജ ടീച്ചറും തളിപ്പറമ്പില്‍ പി കെ ശ്യാമള ടീച്ചറും മത്സരിക്കണമെന്ന് തീരുമാനിച്ചത്.

അത് ഏതെങ്കിലും വ്യക്തിയുടെ തീരുമാനമല്ല. പാര്‍ട്ടിയുടെ തീരുമാനമാണ്. ശ്യാമള ടീച്ചര്‍ ജയിക്കുമെന്നായപ്പോള്‍ യുഡിഎഫിന്റെ പിന്തുണയും വാങ്ങി ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും പരാജയപ്പെടുത്താമെന്നാണ് ഗോവിന്ദന്‍ മാഷ് കരുതുന്നതെങ്കില്‍ ജനങ്ങളത് വകവെച്ച് കൊടുക്കില്ല. എല്ലാ കാലത്തും വഞ്ചകരെ തിരിച്ചറിഞ്ഞതാണ് ഈ നാടെന്നും എം വി ജയരാജന്‍ പറഞ്ഞു.

**
**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348097/left-alliance-announces-first-phase-candidate-list-in-bengal)