---
title: "മനുഷ്യരെ എങ്ങനെ വിശ്വസിക്കും...! സൗഹൃദം നടിച്ച് ലഹരി ബിസ്കറ്റ് നൽകി; ട്രെയിൻ യാത്രക്കിടെ കോഴിക്കോട്  വടകര സ്വദേശിയുടെ  സ്വർണവും ലാപ്ടോപ്പും കവർന്നു, മൂന്ന് പേർ പിടിയിൽ  "
english_title: "Train robbery: Three Bihar natives arrested vatakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348069/train-robbery-three-bihar-natives-arrested-vatakara-new-"
published_at: "2026-03-16T15:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7da0d4cdc1_arrest_.jpg"
keywords: []
---

# മനുഷ്യരെ എങ്ങനെ വിശ്വസിക്കും...! സൗഹൃദം നടിച്ച് ലഹരി ബിസ്കറ്റ് നൽകി; ട്രെയിൻ യാത്രക്കിടെ കോഴിക്കോട്  വടകര സ്വദേശിയുടെ  സ്വർണവും ലാപ്ടോപ്പും കവർന്നു, മൂന്ന് പേർ പിടിയിൽ  

> **Lead Summary:** **കോഴിക്കോട് : **ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്കറ്റ് നൽകി മയക്കി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ . വടകര പുതുപ്പണം സ്വദേശി വി.പി. സരിന്റെ സാധനങ്ങളാണ് കവർന്നത് . വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണു സംഭവം.

## Article Content

**കോഴിക്കോട് : **ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്കറ്റ് നൽകി മയക്കി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ . വടകര പുതുപ്പണം സ്വദേശി വി.പി. സരിന്റെ സാധനങ്ങളാണ് കവർന്നത് . വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണു സംഭവം.

ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരെയാണ് റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘവും കൂടി പിടികൂടിയത് .

മംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള സരിൻ മലബാർ എക്സ്പ്രസിൽ എസ്4 കംപാർട്മെന്റിൽ മംഗളൂരുവിൽ നിന്നു വടകരയിലേക്ക് വരുന്നതിനിടെ അടുത്ത സീറ്റിൽ ഇരുന്ന മൂന്ന് അംഗ സംഘം പരിചയപ്പെട്ടു. തുടർന്ന് സൗഹൃദം നടിച്ച് സംഘം ട്രെയിൻ കുമ്പളയിലെത്തിയപ്പോൾ ബിസ്കറ്റ് നൽകുകയായിരുന്നു. ഉറങ്ങിപ്പോയ സരിന് വടകരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല.

ട്രെയിൻ ഫറോക്കിൽ എത്തിയപ്പോൾ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാൾ കയറിയതിനെത്തുടർന്ന് സരിനെ ഫറോക്ക് സ്റ്റേഷനിൽ ഇറക്കി. എന്നാൽ ബാഗും മറ്റു വസ്തുക്കളും സീറ്റിൽ ഇല്ലായിരുന്നു എന്ന് സരിൻ പൊലീസിനു മൊഴി നൽകി. പിന്നീട് ഓർമക്കുറവുകൊണ്ട് ഫറോക്കിൽ നിന്നു മറ്റൊരു ട്രെയിനിൽ മാറിക്കയറിയ സരിൻ പുലർച്ചെ തിരൂരിൽ എത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു.

പ്രതികളിൽ നിന്നു സ്വർണവും പണവും മറ്റു വസ്തുക്കളും പൊലീസ് കണ്ടെടുത്തു. കവർച്ച നടന്ന് 24 മണിക്കൂറിനകം കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348069/train-robbery-three-bihar-natives-arrested-vatakara-new-)