---
title: "'ആദ്യ പന്ത് തന്നെ സിക്സറടിക്കും'; ദ്രാവിഡിനെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയുടെ ആത്മവിശ്വാസം വെളിപ്പെടുത്തി സഞ്ജു സാംസൺ"
english_title: "Sanju Samson reveals confidence in Vaibhav Suryavanshi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347941/sanju-samson-reveals-confidence-in-vaibhav-suryavanshi"
published_at: "2026-03-16T09:30:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7809c72923_4.jpg"
keywords: []
---

# 'ആദ്യ പന്ത് തന്നെ സിക്സറടിക്കും'; ദ്രാവിഡിനെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയുടെ ആത്മവിശ്വാസം വെളിപ്പെടുത്തി സഞ്ജു സാംസൺ

> **Lead Summary:** **ദില്ലി: [ **ഐപിഎൽ ചരിത്രത്തിലേക്ക് വെടിക്കെട്ട് ബാറ്റിംഗുമായി കടന്നുവന്ന 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.

## Article Content

**ദില്ലി: [ **ഐപിഎൽ ചരിത്രത്തിലേക്ക് വെടിക്കെട്ട് ബാറ്റിംഗുമായി കടന്നുവന്ന 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ അരങ്ങേറ്റ മത്സരത്തിന് മുന്നോടിയായി ടീം മെന്റർ രാഹുൽ ദ്രാവിഡും വൈഭവും തമ്മിൽ നടന്ന സംഭാഷണമാണ് സഞ്ജു പങ്കുവെച്ചത്. ന്യൂഡൽഹിയിൽ നടന്ന നമൻ അവാർഡ്‌സ് ചടങ്ങിലായിരുന്നു സഞ്ജുവിന്റെ ഈ പ്രതികരണം.

പ്രായം കുറഞ്ഞ താരമായതുകൊണ്ട് തന്നെ വൈഭവിന് ആവശ്യമായ ഉപദേശങ്ങൾ നൽകാൻ രാഹുൽ ദ്രാവിഡ് സഞ്ജുവിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു. തന്റെ ഗെയിം പ്ലാൻ എന്താണെന്ന ദ്രാവിഡിന്റെ ചോദ്യത്തിന്, ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ 'ആദ്യ പന്ത് തന്നെ അടിച്ചുപറത്തും' എന്നായിരുന്നു വൈഭവിന്റെ മറുപടി.

തന്റെ സോണിൽ പന്ത് കിട്ടിയാൽ ഒട്ടും മടിക്കാതെ സിക്സറടിക്കുമെന്ന ആത്മവിശ്വാസം ദ്രാവിഡിനെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു ഓർത്തെടുത്തു. കഴിഞ്ഞ ഐപിഎൽ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ഈ ഇടംകൈയ്യൻ ബാറ്റർ.

കേവലം 13 വയസ്സുള്ളപ്പോൾ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ താരത്തെ സ്വന്തമാക്കിയത്. അരങ്ങേറ്റത്തിൽ ഷാർദുൽ താക്കൂറിനെ സിക്സറിന് പറത്തിക്കൊണ്ട് തുടങ്ങിയ വൈഭവ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു.

ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിനൊപ്പം ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും വൈഭവ് തന്റെ പേരിൽ കുറിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 206.55 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് താരം അടിച്ചുകൂട്ടിയത്.

ഈ അസാമാന്യ പ്രകടനത്തോടെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വാഗ്ദാനമായി മാറിയിരിക്കുകയാണ് വൈഭവ് സൂര്യവംശി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347941/sanju-samson-reveals-confidence-in-vaibhav-suryavanshi)