---
title: "പൂന്തുറയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു; അപകടം വള്ളത്തിലേക്ക് നീന്തിപ്പോകവെ"
english_title: "Search continues for fisherman missing at sea in Poonthura"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347906/search-continues-for-fisherman-missing-at-sea-in-poonthura"
published_at: "2026-03-15T22:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6e01843fc2_21.jpg"
keywords: []
---

# പൂന്തുറയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു; അപകടം വള്ളത്തിലേക്ക് നീന്തിപ്പോകവെ

> **Lead Summary:** **തിരുവനന്തപുരം:** പൂന്തുറയിൽ കടലിൽ നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് നീന്തിപ്പോകവെ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറ ന്യൂ കോളനി സ്വദേശി സി. ജോസഫിനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുൻവശത്തുള്ള കടലിലായിരുന്നു അപകടം.

## Article Content

**തിരുവനന്തപുരം:** പൂന്തുറയിൽ കടലിൽ നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് നീന്തിപ്പോകവെ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറ ന്യൂ കോളനി സ്വദേശി സി. ജോസഫിനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുൻവശത്തുള്ള കടലിലായിരുന്നു അപകടം.

മീൻപിടിത്തത്തിന് പോകുന്നതിനായി തീരത്തുനിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള വള്ളത്തിലേക്ക് നീന്തിപ്പോവുകയായിരുന്നു ജോസഫ്. ഇതിനിടെ ശക്തമായ തിരയിൽപ്പെട്ട് അദ്ദേഹം കടലിൽ താഴുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ നാട്ടുകാർ ബീമാപള്ളി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയെങ്കിലും അവർ എത്താൻ വൈകിയതായി പരാതിയുണ്ട്.

പിന്നീട് വിഴിഞ്ഞം കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്‌മെന്റും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വലിയതുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും കടലിൽ പലതവണ മുങ്ങിത്തപ്പിയെങ്കിലും ജോസഫിനെ കണ്ടെത്താനായില്ല. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347906/search-continues-for-fisherman-missing-at-sea-in-poonthura)