---
title: "കണ്ണാടിയിൽ തീർത്ത അത്ഭുതലോകം; ഇൻഡോറിലെ കാഞ്ച് മന്ദിറിലേക്ക് ഒരു യാത്ര"
english_title: "A trip to Kanch Mandir in Indore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347841/a-trip-to-kanch-mandir-in-indore"
published_at: "2026-03-15T14:03:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b66f1e0c091_14.jpg"
keywords: []
---

# കണ്ണാടിയിൽ തീർത്ത അത്ഭുതലോകം; ഇൻഡോറിലെ കാഞ്ച് മന്ദിറിലേക്ക് ഒരു യാത്ര

> **Lead Summary:** **[ **മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിന്റെ ഹൃദയഭാഗത്ത് ഇറാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു അത്ഭുതലോകമുണ്ട്— 'കാഞ്ച് മന്ദിർ' അഥവാ കണ്ണാടി ക്ഷേത്രം. വൃത്തിയുള്ള നഗരമെന്ന ഖ്യാതിക്കും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾക്കും അപ്പുറം, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയുടെ പര്യായമാണ് 'മിനി ഇറാൻ' എന്നറിയപ്പെടുന്ന ഈ ജൈന ക്ഷേത്രം.

## Article Content

**[ **മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിന്റെ ഹൃദയഭാഗത്ത് ഇറാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു അത്ഭുതലോകമുണ്ട്— 'കാഞ്ച് മന്ദിർ' അഥവാ കണ്ണാടി ക്ഷേത്രം. വൃത്തിയുള്ള നഗരമെന്ന ഖ്യാതിക്കും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾക്കും അപ്പുറം, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയുടെ പര്യായമാണ് 'മിനി ഇറാൻ' എന്നറിയപ്പെടുന്ന ഈ ജൈന ക്ഷേത്രം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രമുഖ വ്യവസായി സേഠ് ഹുക്കുംചന്ദ് കസ്ലിവാൾ നിർമ്മിച്ച ഈ മന്ദിരം, ഭാരതീയ ഭക്തിയും പേർഷ്യൻ കരവിരുതും ഒത്തുചേരുന്ന അപൂർവ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസുകളും ഇറാനിൽ നിന്നുള്ള വിദഗ്ദ്ധരായ ശില്പികളുടെ കരവിരുതും ചേർന്നാണ് 11 വർഷത്തെ കഠിനാധ്വാനത്തിലൂടെ ഈ വിസ്മയം തീർത്തത്. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന സങ്കീർണ്ണമായ കൊത്തുപണികളും ജ്യാമിതീയ രൂപങ്ങളും പേർഷ്യൻ ശൈലിയിലുള്ള നിർമ്മാണരീതിയും സന്ദർശകരെ മറ്റൊരു ലോകത്തെത്തിക്കും.

ഓരോ ചില്ലുപാളിയിലും തെളിയുന്ന ഡിസൈനുകൾ ഇറാനിലെ പുരാതന കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കുന്നു എന്നതിനാലാണ് ഈ ക്ഷേത്രത്തിന് മിനി ഇറാൻ എന്ന വിശേഷണം ലഭിച്ചത്. കാഞ്ച് മന്ദിറിലെ ഏറ്റവും വലിയ ആകർഷണം നക്ഷത്രതിളക്കമുള്ള ഇതിന്റെ മേൽക്കൂരയാണ്.

വെളിച്ചം തട്ടുമ്പോൾ ആയിരക്കണക്കിന് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതുപോലെ തോന്നിക്കുന്ന ഈ ഗ്ലാസ് ചിത്രങ്ങൾ അത്ഭുതകരമായ ഒരു കാഴ്ചാനുഭവമാണ്. ജൈനമതത്തിലെ പുണ്യചിഹ്നങ്ങളെ ഗ്ലാസ് അലങ്കാരങ്ങൾക്കിടയിൽ വളരെ സൂക്ഷ്മമായി വിളക്കിച്ചേർത്തിരിക്കുന്നു.

ഇൻഡോർ യാത്രയിൽ ചരിത്രവും കലയും ഒത്തുചേരുന്ന ഈ 'മിനി ഇറാൻ' സന്ദർശിക്കുന്നത് സഞ്ചാരികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347841/a-trip-to-kanch-mandir-in-indore)