---
title: "'ഇനി തിരിച്ചു വരില്ല, അമ്മയ്ക്ക് അവസാന സന്ദേശം അയച്ച്  വീട്ടിൽ നിന്നിറങ്ങി',  ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി "
english_title: "Body of youth who jumped from train into Periyar found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347811/body-of-youth-who-jumped-from-train-into-periyar-found"
published_at: "2026-03-15T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b64de8a82cf_deD.jpg"
keywords: []
---

# 'ഇനി തിരിച്ചു വരില്ല, അമ്മയ്ക്ക് അവസാന സന്ദേശം അയച്ച്  വീട്ടിൽ നിന്നിറങ്ങി',  ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **കൊച്ചി: ** ആലുവ റെയിൽവേ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഷൊർണൂർ കവളപ്പാറ മാണിയത്ത് വീട്ടിൽ അഖിൽ ഹരിദാസ് ആണ് മരിച്ചത്.

## Article Content

**കൊച്ചി: ** ആലുവ റെയിൽവേ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഷൊർണൂർ കവളപ്പാറ മാണിയത്ത് വീട്ടിൽ അഖിൽ ഹരിദാസ് ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യവേയായിരുന്നു സംഭവം. ട്രെയിൻ ആലുവ സ്റ്റേഷനിലെത്താൻ വെറും 150 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് അഖിൽ ജനറൽ കോച്ചിൽ നിന്നും പുഴയിലേക്ക് ചാടിയത്. അഗ്നിശമന സേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇനി തിരിച്ചു വരില്ലെന്ന സന്ദേശം രാവിലെ അമ്മയുടെ മൊബൈലിലേക്ക് അയച്ച ശേഷമാണ് അഖിൽ വീട്ടിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ ഷൊർണൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ അഖിലിന്റെ മൊബൈൽ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തി.

യുവാവ് ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതായി മനസ്സിലാക്കിയ പൊലീസ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വിവരം കൈമാറി.  ട്രെയിനിൽ യുവാവ് ഇരുന്ന സീറ്റിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്നാണ് വിലാസം ലഭിച്ചത്. ചെറുതുരുത്തിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ. പിതാവ്: ഹരിദാസ്. മാതാവ്: ദീപ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347811/body-of-youth-who-jumped-from-train-into-periyar-found)